HOME
DETAILS
MAL
പൊതുപരീക്ഷയും അധ്യയന ആരംഭവും: മാര്‍ഗനിര്‍ദേശങ്ങളുമായി ഐ.എം.എ
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതി ഒഴിയും മുന്‍പേ പരീക്ഷയ്ക്ക് തയാറെടുക്കുന്ന സാഹചര്യത്തില്‍ വിദ്യര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. പരീക്ഷ നടത്തുന്നതിന് മുന്‍പ് മുന്‍കരുതലുകള്‍ നൂറു ശതമാനം ഉറപ്പാക്കാന്‍ എല്ലാ വിദ്യാര്‍ഥികളെയും കൊവിഡ് പോസിറ്റീവ് ആയി കണക്കാക്കണം. പരീക്ഷയ്ക്കിടെ കുട്ടികള്‍ക്കിടയില്‍ 360 ഡിഗ്രിയില്‍ കുറഞ്ഞത് രണ്ട് മീറ്റര്‍ ദൂരം നിലനിര്‍ത്തണം. ഇതിനര്‍ത്ഥം, ഓരോ വിദ്യാര്‍ഥിയുടെ മുമ്പിലും പുറകിലും ശൂന്യമായ ബെഞ്ചുകള്‍ ഉണ്ടായിരിക്കണം. മാസ്കുകള്‍ എല്ലായ്പ്പോഴും ധരിക്കണം. ഓരോ മുറിയിലെയും കുട്ടികളുടെ ഇരിപ്പിടങ്ങളുടെ വിവരം, തീയതികള്‍, സമയം, ക്രമം എന്നിവ ഓരോ സ്കൂളും സൂക്ഷ്മമായി പരിപാലിക്കണം. പരീക്ഷയ്ക്കിടെ, ഓരോ സെഷനുശേഷവും എല്ലാ ഡെസ്കുകളും ബെഞ്ചുകളും ശുചീകരിക്കണം. മറ്റുള്ളവരുടെ സുരക്ഷയ്ക്കായി, ക്ലാസ്, പരീക്ഷാ സമയങ്ങളില്‍ ഒരു കുട്ടിക്ക് ശ്വാസകോശ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്ക് വിശ്രമിക്കാനായി പ്രത്യേക ക്ലാസ് മുറികള്‍ ലഭ്യമാക്കണമെന്നും ഐ.എം.എ നിര്‍ദേശിച്ചു.
വൈറസ് പ്രധാനമായും സമ്പര്‍ക്കത്തിലൂടെ പകരുന്ന സ്ഥിതി നിലനില്‍ക്കുന്നതിനാല്‍ സ്കൂളിലെയും കോളജുകളിലെയും ക്ലാസ് റൂം സെഷനുകള്‍ പുനഃരാരംഭിക്കുന്നത് കുറഞ്ഞത് കുറച്ച് മാസങ്ങളിലേക്ക് മാറ്റിവയ്ക്കേണ്ടതുണ്ടെന്ന് ഐ.എം.എ നിര്‍ദേശത്തില്‍ അറിയിച്ചു. വിദൂര പഠനം, ഓണ്‍ലൈന്‍ പഠന പദ്ധതികള്‍ ഇക്കാലത്ത് നടപ്പിലാക്കണം. സാമൂഹിക അകലത്തിന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ച് അവശ്യ പൊതു പരീക്ഷകള്‍ നടത്താമെന്നും ഐ.എം.എ നിര്‍ദേശിച്ചു. സ്കൂളുകളും കോളജുകളും വീണ്ടും തുറക്കുന്നതിനുമുന്‍പ്, ഓരോ ഗ്രേഡും വിഭാഗവും രണ്ട് ബാച്ചുകളായി വിഭജിക്കണം. ഒരു ബാച്ചിന് പരമാവധി 20-25 കുട്ടികള്‍. സാധാരണ ക്ലാസുകള്‍ക്കായി ക്ലാസ് മുറിയില്‍ ഇരിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കുറഞ്ഞത് ഒരു മീറ്റര്‍ ദൂരം നിര്‍ബന്ധമായും പാലിക്കണമെന്നും ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താന്‍ ശ്രമിക്കണമെന്നും ഐ.എം.എ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."