ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫില്‍ ആശയക്കുഴപ്പം
ഉദുമ: കാസര്‍കോട് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്നണിയെ കടത്തി വെട്ടി ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എല്‍.ഡി.എഫില്‍ ആശയക്കുഴപ്പത്തിനിടയാക്കി. ഉദുമ നിയമസഭാ മണ്ഡലത്തില്‍ നേടിയ ഉജ്വല വിജയത്തോടൊപ്പം ഉദുമ ഡിവിഷനും ഉദുമ പഞ്ചായത്തും പിടിക്കാനുള്ള തന്ത്രം മെനയുന്നതിനിടയിലാണ് ഐ.എന്‍.എലിന് അര്‍ഹതപ്പെട്ട സീറ്റില്‍ അവര്‍ സംസ്ഥാന കൗണ്‍സലറും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ചെമ്മനാട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മൊയ്തീന്‍ കുഞ്ഞി കളനാടിനെ സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രഖ്യാപിച്ചത്.
നേരത്തെ പൊതു സമ്മതനായ സ്ഥാനാര്‍ഥിയെ ഉദുമയില്‍ നിര്‍ത്താമെന്ന് ഐ.എന്‍.എല്ലുമായി ഏകദേശ ധാരണയായിരുന്നു. എന്നാല്‍ ഒരു കാരണവശാലും ഉദുമ വിട്ട് കൊടുക്കരുതെന്നായിരുന്നു ഐ.എന്‍.എല്‍ നേതൃത്വത്തിന്റെ നിലപാട്.
നേരത്തെ യു.ഡി.എഫിലുണ്ടായ ആശയക്കുഴപ്പം മുതലാക്കി നേട്ടം കൊയ്യാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു എല്‍.ഡി.എഫ്. ഡിവിഷനില്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്നതിനെ കുറിച്ച് എല്‍.ഡി.എഫില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ കഴിയുമെന്നതിനാല്‍ അന്തിമ തീരുമാനത്തിനു കാത്തു നില്‍ക്കാതെയാണ് ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
അതേ സമയം, അന്തരിച്ച മുന്‍ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തിനെതിരേ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഡി.സി.സി ജന. സെക്രട്ടറിയും കോട്ടിക്കുളത്തെ കോണ്‍ഗ്രസ് നേതാവുമായ വി.ആര്‍ വിദ്യാസാഗറിന്റെ നേതൃത്വത്തില്‍ വിമതര്‍ ഇന്നു പാലക്കുന്ന് രഞ്ജീ സ് മാഷ് ഓഡിറ്റോറിയത്തില്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
ഷാനവാസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉദുമ പഞ്ചായത്തിലെ രണ്ട് മെമ്പര്‍മാര്‍ രാജിക്കു സന്നദ്ധതയും അറിയിച്ചിരുന്നു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യു.ഡി.എഫ് നേതൃത്വം നടത്തിയെങ്കിലും സമവായത്തിലെത്തിയില്ല. ഷാനവാസിനെ ഒഴിവാക്കിയില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്നു വിദ്യാസാഗര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."