പരമ്പരാഗത മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
കരുനാഗപ്പള്ളി: പരമ്പരാഗത അസംഘടിത മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തഴപ്പായ തൊഴിലാളികളുടെ വിവിധ ക്ഷേമനിധി ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
50 ലക്ഷത്തോളം തൊഴിലാളികളാണു പരമ്പരാഗത അസംഘടിത മേഖലയിലുള്ളത്. സ്‌കൂള്‍ യൂനിഫോം പദ്ധതി നടപ്പാക്കിയതിലൂടെ കൈത്തറി മേഖലയില്‍ 200 തൊഴില്‍ദിനങ്ങള്‍ അധികമായി സൃഷ്ടിക്കാനായി. പുതിയ പാക്കേജ് നടപ്പാക്കി കയര്‍ മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
പൊതുമേഖലയിലെ കശുവണ്ടി ഫാക്ടറികളെല്ലാം തുറന്നിരിക്കുകയാണ്. 380ഓളം സ്വകാര്യ ഫാക്ടറികളും തുറന്നിട്ടുണ്ട്. ബാക്കിയുള്ളവ ഉടന്‍ തുറക്കാന്‍ പരിശ്രമിക്കും. പെന്‍ഷനുകള്‍ കുടിശ്ശികയില്ലാതെ കൃത്യസമയത്ത് എത്തിക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. പാവപ്പെട്ട തൊഴിലാളികളുടെ സംരക്ഷണത്തിനു കോടിക്കണക്കിനു രൂപയാണു സര്‍ക്കാര്‍ ചെലവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യപ്രഭാഷണം നടത്തി. കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി പി. അലക്‌സാണ്ടര്‍, ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ ആര്‍. ഹരികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.കെ ബാലചന്ദ്രന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍. അജയകുമാര്‍, എ. വിജയന്‍, എം. പവിത്രന്‍, ടി.പി ദേവസിക്കുട്ടി സംസാരിച്ചു.
കരുനാഗപ്പള്ളി ടൗണ്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യ വിതരണം നിര്‍വഹിച്ചു. 279 പേര്‍ക്കു വിവാഹ ധനസഹായം, 207 പേര്‍ക്കു പ്രസവാനുകൂല്യവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെ 491 പേര്‍ക്കായി 39 ലക്ഷം രൂപയാണു വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."