പൊട്ടിത്തെറി എല്‍.ഡി.എഫിലല്ല, എല്‍.ജെ.ഡിയില്‍
#ടി.കെ ജോഷി
കോഴിക്കോട്: സീറ്റ് നിഷേധത്തില്‍ ഇടതുമുന്നണിയില്‍ കലാപം ലക്ഷ്യമിട്ട് എല്‍.ജെ.ഡിയില്‍ ഉണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ പൊട്ടിത്തെറിക്കു കാരണമാകുന്നു. സീറ്റ് ലഭിക്കാത്തതില്‍ പരസ്യമായി പ്രതിഷേധിക്കുകയും നേതൃത്വത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും ചെയ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരേ നപടിയെടുക്കാന്‍ ഒരുവിഭാഗം ശ്രമിക്കുമ്പോള്‍ ഇന്ന് സംസ്ഥാന സമിതി യോഗം വിളിച്ചുചേര്‍ത്ത് വടകരയില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് മനയത്ത് ചന്ദ്രനെ അനുകൂലിക്കുന്നവരുടെ നീക്കം.
അതേസമയം ഇതുവരെ പാര്‍ട്ടിയില്‍ മനയത്ത് ചന്ദ്രനൊപ്പം നിലയുറപ്പിച്ചിരുന്ന കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.പി മോഹനന്‍ കളംമാറി വടകരയിലെ സി.പി.എം സ്ഥാനാര്‍ഥി പി. ജയരാജന്റെ വിജയത്തിനായി രംഗത്തിറങ്ങിയത് വിമതനീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലോക് താന്ത്രിക് ജനതാദള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വടകര സീറ്റ് ലഭിക്കാത്തതില്‍ രൂക്ഷവിമര്‍ശനം ഉണ്ടായത്. സീറ്റ് ചോദിച്ചുവാങ്ങുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നായിരുന്നു ജില്ലാ കമ്മിറ്റിയിലെ ഒരുവിഭാഗത്തിന്റെ ആക്ഷേപം. യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലേക്കു വന്നപ്പോള്‍ വടകര സീറ്റ് നല്‍കാമെന്ന് സി.പി.എം അറിയിച്ചിരുന്നതാണെന്നും എന്നാല്‍ മുന്നണി രാഷ്ട്രീയത്തെ കുരുതികൊടുത്താണ് സി.പി.എമ്മും സി.പി.ഐയും 20 സീറ്റും കൈയടക്കിയതെന്നുമായിരുന്നു വിമര്‍ശനം. എല്‍.ജെ.ഡിക്ക് വടകരയില്‍ 70,000ത്തോളം വോട്ടുണ്ട്. എന്നിട്ടും സീറ്റ് വാങ്ങിയെടുക്കാന്‍ കഴിയാതിരുന്നത് നേതൃത്വത്തിന്റെ വീഴ്ചയാണ് എന്നായിരുന്നു ആരോപണം. സീറ്റ് ലഭിക്കാത്തതിന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് മനയത്ത് ചന്ദ്രനും സലീം മടവൂരും പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
ഈ സാഹചര്യത്തിലാണ് മനയത്ത് ചന്ദ്രനെതിരേ നടപടിയെടുക്കാന്‍ ഔദ്യോഗിക വിഭാഗം നീക്കം നടത്തുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ അനുനയ നീക്കവും നടക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ വിമത സ്ഥാനാര്‍ഥിയെ ഒരുവിഭാഗം നിര്‍ത്തിയാല്‍ എല്‍.ജെ.ഡി പിളര്‍പ്പിലേക്കു നീങ്ങിയേക്കാം.
ജനതാദള്‍ എസിന്റെ സീറ്റ് സി.പി.എം തിരിച്ചെടുത്തതില്‍ ആ പാര്‍ട്ടിയിലും എതിര്‍പ്പുണ്ട്. ഇവരെയും ജനതാ ശക്തിയെന്ന പൊതു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാനുള്ള നീക്കവും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളില്‍ നടക്കുന്നുണ്ട്. എല്‍.ജെ.ഡിയിലെ ഒരുവിഭാഗത്തിന്റെ ഇന്നത്തെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ജനതാദള്‍ പാര്‍ട്ടികളുടെ പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."