സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ വിവരങ്ങള്‍ സ്വയം പ്രസിദ്ധീകരിക്കണം
ന്യൂഡല്‍ഹി: തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ സ്വയം വെളിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. അതോടൊപ്പം പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും മൂന്നുതവണ ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ക്രിമിനല്‍ കേസിന്റെ വിവരങ്ങള്‍ ടെലിവിഷന്‍ ചാനലിലും പത്രങ്ങളിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം.
എല്ലാ സ്ഥാനാര്‍ഥികളും തങ്ങളുടെ നാമനിര്‍ദേശത്തൊടൊപ്പം അവര്‍ക്കെതിരേ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അതു വെളിപ്പെടുത്തുന്ന ഫോം 26 പൂരിപ്പിച്ചു നല്‍കണം. ജീവിത പങ്കാളിയുടെ പേരിലുള്ളത് ഉള്‍പ്പെടെ വിദേശത്തുള്ള നിക്ഷേപങ്ങളും സ്വത്തുക്കളും വിദ്യാഭ്യാസ യോഗ്യതയും വെളിപ്പെടുത്തിയിരിക്കണം. വരുമാനത്തിന്റെ വിവരങ്ങളും അഞ്ചുവര്‍ഷത്തെ നികുതി അടച്ചതിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ് കാംപയിന്‍ പ്രകൃതി സൗഹൃദപരമായിരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക് പോലുള്ളവ ഉപയോഗിക്കരുത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. രാത്രി 10നും രാവിലെ ആറിനും ഇടയില്‍ ഇത് പൂര്‍ണമായും ഒഴിവാക്കണം. പകല്‍ സമയങ്ങളില്‍ ആശുപത്രി പരിസരത്ത് ഉച്ചഭാഷിണി ഉപയോഗം പാടില്ല.
വോട്ടിങ് മെഷിന് ജി.പി.എസ്
ന്യൂഡല്‍ഹി: വോട്ടിങ് മെഷിനുകളെക്കുറിച്ച് പരാതിവന്ന സാഹചര്യത്തില്‍ വോട്ടിങ് മെഷിനുകളും വിവിപാറ്റുകളും നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അതിന്റെ നീക്കങ്ങള്‍ ജി.പി.എസ് വഴി നിരീക്ഷിക്കും. എല്ലാ വോട്ടിങ് യന്ത്രത്തിനും വിവിപാറ്റിനും ജി.പി.എസ് സൗകര്യമുണ്ടാകും. പോളിങ് നടപടികള്‍ സി.സി.ടി.വി കാമറ പകര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."