തെരഞ്ഞെടുപ്പ് അഖിലേഷിനും മായാവതിക്കും നിര്‍ണായകം
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശില്‍ ഏറ്റവും കുടുതല്‍ ആശങ്കയിലാക്കുന്നത് എസ്.പി-ബി.എസ്.പി സഖ്യത്തെ. തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച ഫലമുണ്ടായില്ലെങ്കില്‍ ഇരുപാര്‍ട്ടികളും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തലും താല്‍ക്കാലിക സഖ്യവും തകര്‍ന്നടിയും. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും ഒരുപോലെ ഒരു ലിറ്റ്മസ് ടെസ്റ്റ് ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
2014 തെരഞ്ഞെടുപ്പില്‍ 80 ലോക്സഭാ സീറ്റുകളില്‍ 73ഉം നേടി ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായപ്പോള്‍ തകര്‍ന്നടിഞ്ഞത് അഖിലേഷ് യാദവിന്റെ എസ്.പിയും മായാവതിയുടെ ബി.എസ്.പിയുമായിരുന്നു. ഇത്തരത്തിലൊന്ന് ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ ബദ്ധശത്രുക്കളാണെങ്കിലും ഇരു പാര്‍ട്ടികളും യോജിപ്പിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 73 പേരാണ് യു.പിയില്‍നിന്ന് വിജയിച്ചത്. സമാജ്വാദി പാര്‍ട്ടിക്ക് അഞ്ചു സീറ്റുകളും കോണ്‍ഗ്രസിന് രണ്ടും സീറ്റുകള്‍ ലഭിച്ചപ്പോള്‍ മായാവതിയുടെ ബി.എസ്.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമാജ്വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും കനത്ത തിരിച്ചടിയാണുണ്ടായത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്.
അതേസമയം സംസ്ഥാനത്ത് നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ ഞെട്ടിച്ചായിരുന്നു എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ പ്രകടനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമെന്ന് വിശേഷിപ്പിക്കുന്ന ഗൊരഖ്പൂരിലും ബി.ജെ.പിയുടെ ശക്തമായ സ്വാധീനമുള്ള ഫുല്‍പൂരിലും എസ്.പി-ബി.എസ്.പി സഖ്യം വിജയിച്ചതിലെ ആത്മവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പിലും സഖ്യം സ്ഥാപിക്കാന്‍ ഇരുപാര്‍ട്ടികളെയും പ്രേരിപ്പിച്ചത്.
ഇതിനുപുറമെ ഇരുപാര്‍ട്ടികളുടെയും അതിജീവനം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ബി.ജെ.പിയെ മറികടക്കാന്‍ ഇരുപാര്‍ട്ടികളും യോജിച്ചാല്‍ സാധ്യമാകുമെന്നും നേതാക്കള്‍ പറയുന്നു. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."