അമ്മമാരുടെ ചുടുകണ്ണീരില്‍ അക്രമ രാഷ്ട്രീയത്തിന്റെ കൊടിക്കൂറകള്‍ കത്തിച്ചാമ്പലാവും: ഹൈദരലി തങ്ങള്‍
ആലപ്പുഴ: ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന സംഘ്പരിവാറിന്റെ ജനവിരുദ്ധ ഭരണകൂടത്തിന് അന്ത്യം കുറിക്കാന്‍ രംഗത്തിറങ്ങണമെന്ന് മുസ്്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലക്കത്തി രാഷ്ട്രീയക്കാര്‍ക്കെതിരേ വിധിയെഴുതണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മമാരുടെ കണ്ണീരില്‍ ഭരണകൂടങ്ങള്‍ നിലംപൊത്തും. അരിയില്‍ ഷുക്കൂറും ശുഐബും ഇപ്പോള്‍ ശരത്ലാലും കൃപേഷും ഉള്‍പ്പെടെയുള്ള ചെറു മക്കളുടെ ജീവനുകളെടുത്ത് രാഷ്ട്രീയ കൊലവിളി നടത്തുന്നവര്‍ക്കെതിരേ ജനം ശക്തമായ തിരിച്ചടി നല്‍കുക തന്നെ ചെയ്യും. ഈ കൗമാരക്കാരുടെ അമ്മമാരുടെ ചുടു കണ്ണീരില്‍ അക്രമ രാഷ്ട്രീയത്തിന്റെ കൊടിക്കൂറകള്‍ കത്തിച്ചാമ്പലാവുമെന്നും തങ്ങള്‍ പറഞ്ഞു. മുന്നണി രാഷ്ട്രീയത്തില്‍ ഐക്യവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കുന്നുവെന്നത് മുസ്ലിം ലീഗിന്റെ എക്കാലത്തേയും മുഖമുദ്രയാണ്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും മുസ്ലിം ലീഗിന്റെ സ്വന്തം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നതെന്ന ബോധ്യത്തില്‍ അവരുടെ വിജയത്തിന് ഓരോ പ്രവര്‍ത്തകനും മുന്നിട്ടിറങ്ങണം.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനും രാജ്യത്തെ തന്നെ ശിഥിലമാക്കാനുമുള്ള ഭീകരവാദികളുടെ കൊടിയ ശ്രമമാണ് കശ്മിരിലെ പുല്‍വാമയില്‍ കുറച്ച് ദിവസം മുന്‍പ് ലോകം കണ്ടത്. രാജ്യത്തിനുവേണ്ടി 40 ധീര യോദ്ധാക്കളുടെ ജീവന് അവിടെ ഹോമിക്കപ്പെട്ടു. ഭീകരവാദത്തിന് മതമില്ല, അത് ഏത് ഭാഗത്ത് നിന്നാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്. മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യാനും ഇല്ലാതാക്കാനും ചിലരുടെ ശ്രമങ്ങള്‍ സമീപ കാലത്ത് വ്യാപകമാണ്. ശബരിമലയിലും മറ്റും നമ്മള് കണ്ടത് അതാണ്. വിശ്വാസാചാരങ്ങള്‍ ഏതു മതക്കാരുടേതായാലും അത് സംരക്ഷിക്കുന്നതിന് മുസ്്ലിം ലീഗ് ഒപ്പമുണ്ടാകും.
മതസൗഹാര്‍ദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ പൊതു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ, മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്്റ മമ്പാട്, ജനറല്‍ സെക്രട്ടറി പി.കുല്‍സു, പി.എച്ച് അബ്ദുസലാം ഹാജി, കെ.ഇ അബ്ദുറഹിമാന്, കുറുക്കോളി മൊയ്തീന് സംസാരിച്ചു.
സി. ഹംസ,എം.സി വടകര, സി.പി സൈതവി , ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, കെ.എന്‍.എ ഖാദര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ അധ്യക്ഷനായി. എ.എം നസീര്‍ സ്വാഗതവും എച്ച്.ബഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."