ഹൂതികള്‍ക്കുവേണ്ടി ഇറാന്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നു: സഖ്യരാഷ്ട്ര സമ്മേളനം
ജിദ്ദ: യമനില്‍ സഖ്യസേന നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മറച്ചുപിടിച്ച് ഹൂതികള്‍ക്കുവേണ്ടി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് ഇറാനെന്ന് സഊദി വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഡോ.അവ്വാദ് അല്‍ അവ്വാദ്. ഈ ഘട്ടത്തില്‍ മാധ്യമങ്ങള്‍ സത്യത്തിനൊപ്പം നിലകൊള്ളണമന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദയിലെ കോണ്‍ഫറന്‍സ് പാലസ് ഹാളില്‍ നടന്ന സഖ്യസേന അംഗ രാഷ്ട്രങ്ങളിലെ വാര്‍ത്താവിതരണ മന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദ സഖ്യരാഷ്ട്ര സമ്മേളനത്തിലൂടെ സഖ്യസേനക്കുള്ള മാധ്യമ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. യമനിലെ ഏറ്റുമുട്ടല്‍ അവസാന ഘട്ടത്തിലാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൂതികള്‍ പ്രധാനഘട്ടങ്ങളില്‍ ചര്‍ച്ചക്ക് തയാറാകാതിരുന്നതാണ് യമന്‍ പ്രശ്‌നം വഷളാക്കുന്നത്.
അതേസമയം ഹൂത്തികളെ സഹായിച്ച് ഇറാന്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും തെറ്റായ പ്രചാരണങ്ങളെയും ലോകത്തിനു മുമ്പാകെ കൊണ്ടുവരുന്നതിന് മാധ്യമങ്ങള്‍ക്ക് വലിയ പങ്ക വഹിക്കാനുണ്ടെന്നും സമ്മേളനം വിലയിരുത്തി. ഇതിനു യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഇക്കാര്യത്തില്‍ അംഗരാജ്യങ്ങളിലെ മാധ്യമങ്ങള്‍ മാത്മ്രല്ല ലോക മാധ്യമങ്ങളുടെകൂടി സഹകരണം ആവശ്യമാണ്. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരസ്പരം സഹകരണം ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സമ്മേളനത്തില്‍ ധാരണയായി.
സഊദി അറേബ്യക്ക് പുറമെ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, സുഡാന്‍, ഈജിപ്ത്, ജോര്‍ദാന്‍, ജിബൂട്ടി, സൈനഗല്‍, പാകിസ്താന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിതരണ മന്ത്രിമാരും ഡെപ്യൂട്ടി മന്ത്രിമാരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."