കൊച്ചി കൊലപാതകം പൂര്‍വവൈരാഗ്യം മൂലം; മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍
കാക്കനാട്: വെണ്ണല- ചക്കരപ്പറമ്പ് സ്വദേശി ജിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പടെ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ഉള്‍പ്പെട്ടതായി കരുതുന്നവരില്‍ മൂന്ന് പേര്‍ ഇന്നലെ ഉച്ചയോടെ തൃക്കാക്കര സ്‌റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. വാഴക്കാല സ്വദേശികളാണ് ഹാജരായ മൂന്ന് പേരും. ഇവരില്‍ രണ്ടു പേര്‍ വാഴക്കാലയിലുള്ള ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ വഴിയാണ് എത്തിയത്. കീഴടങ്ങിയ പ്രതികളില്‍ തൃക്കാക്കര നഗരസഭയിലെ മുന്‍ കൗണ്‍സിലറും ഉള്‍പ്പെടും. പതിമൂന്ന് പ്രതികളില്‍ ഏഴുപേരാണ് അറസ്റ്റിലായത്.
പാലച്ചുവട് വെണ്ണല റോഡില്‍ ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തിന് എതിര്‍വശമാണ് വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന്‍ റോഡില്‍ തെക്കേപാടത്ത് വര്‍ഗീസിന്റെ മകന്‍ ജിബിനെ(34) മരിച്ച നിലയില്‍ കണ്ടെത്തിയ്ത്. പുലര്‍ച്ചെ നാലുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ട വിവരം പൊലിസില്‍ അറിയിച്ചത്. തൊട്ടടുത്തായി യുവാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് കിടപ്പുണ്ടായിരുന്നു.
യുവാവിന്റെ കൊലപാതകത്തിലേത്ത് നയിച്ചത് പ്രതി അസീസും ജിബിനും തമ്മില്‍ നിലനിന്നിരുന്ന പൂര്‍വ വൈരാഗ്യമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ എല്ലാവരും അസീസിന്റെ ബന്ധുക്കളും അയല്‍വാസികളുമാണ്.
സംഭവ ദിവസം ജിബിന്‍ ചെന്നതായി പൊലിസ് പറയുന്ന പടമുകള്‍ കുണ്ടോലിപ്പറമ്പിലെ വീട്ടില്‍ ഇന്നലെയും ഫോറന്‍സിക് പരിശോധകരെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ക്രൂരമായ മര്‍ദനം മൂലം ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതവും രക്തസ്രാവവുമാണ് ജിബിന്റെ മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നും പൊലിസ് പറഞ്ഞു. നെറ്റിയില്‍ കണ്ട മുറിവ് മൂലം തലക്കേറ്റ ക്ഷതവും തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് തലക്കേറ്റ പരുക്കാണ് മരണ കാരണമെന്ന നിഗമനത്തിലായിരുന്നു ഇതുവരെ പൊലിസ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെറ്റിയിലുണ്ടായ മുറിവല്ല മരണകാരണമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."