പത്താം പ്രവൃത്തി ദിനത്തിലും ജില്ലയിലെ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായില്ല
സ്വന്തം ലേഖകന്‍
കോഴിക്കോട്: പത്താം പ്രവൃത്തി ദിനത്തിലും ജില്ലയിലെ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ വിദ്യാഭ്യാസ വകുപ്പ്. സാധാരണയായി അധ്യയന വര്‍ഷത്തിലെ ആറാം പ്രവൃത്തി ദിനത്തിലാണ് വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ നടത്തുന്നത്. നിപാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ ഈ മാസം 11 വരെ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവച്ചിരുന്നു.
പിന്നീട് ശക്തമായ മഴയും കട്ടിപ്പാറയില്‍ ഉരുള്‍ പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ മലയോര മേഖലകളിലെ സ്‌കൂളുകളില്‍ അധ്യയനം ആരംഭിക്കാന്‍ വീണ്ടും വൈകി. ഇതിനിടയില്‍ ഇവിടങ്ങളിലെ പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാംപുകള്‍ക്കായി വിട്ടുകൊടുത്തതും പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് ക്ലാസുകള്‍ ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ആക്ഷേപത്തിനിടയാക്കുന്നത്.
മലയോര മേഖലകളിലെ 168 ഓളം വിദ്യാലയങ്ങളിലെ കണക്കെടുപ്പാണ് ഇനി നടക്കാനുള്ളത്. ഇതിനിടയില്‍ പൊതുവിദ്യാലയങ്ങളില്‍ 1.86 ലക്ഷം കുട്ടികളുടെ വര്‍ധനവുണ്ടായെന്ന റിപ്പോര്‍ട്ടുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പത്രക്കുറിപ്പും ഇറക്കിയിരുന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തുവിട്ട കണക്കു പ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് മലപ്പുറം ജില്ലക്ക് ശേഷം കോഴിക്കോട്ടാണ്. ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിയതും മലപ്പുറം ജില്ലയിലാണ്. 32964 വിദ്യാര്‍ഥികള്‍ മലപ്പുറത്തെ സ്‌കൂളുകളില്‍ പുതുതായി എത്തിയപ്പോള്‍ 20043 വിദ്യാര്‍ഥികള്‍ കോഴിക്കോട്ട് പുതുതായെത്തി.
കണക്കെടുപ്പ് ഇനിയും ശേഷിക്കുന്നതിനാല്‍ ഡി.പി.ഐ പുറത്തുവിട്ട കണക്കില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സംശയമില്ല. മുഴുവന്‍ വിദ്യാര്‍ഥികളുടെയും കണക്കെടുപ്പ് ഇന്നോടെ പൂര്‍ത്തീകരിക്കാനാവുമെന്ന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."