റമദാന്‍കാല വോട്ടെടുപ്പില്‍ കമ്മിഷന്റെ കടുംപിടിത്തത്തിനെതിരേ വിമര്‍ശനം
ന്യൂഡല്‍ഹി: റമദാന്‍ കാലത്ത് വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ വിമര്‍ശനങ്ങളുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍. ഉത്തരേന്ത്യയില്‍ റമദാന്‍ ഒഴിവാക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുസ്‌ലിംകളെ അകറ്റിനിര്‍ത്താനാണെന്നാണ് ആരോപണം.
10 സംസ്ഥാനങ്ങളില്‍ 118 സീറ്റുകളിലേക്കാണ് റമദാനില്‍ വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന്റെ ആറ് ഏഴ് ഘട്ടങ്ങളാണ് റമദാനിലുണ്ടാകുക. ബിഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, യു.പി, ബംഗാള്‍, ഡല്‍ഹി-എന്‍.സി.ആര്‍, പഞ്ചാബ്, ഛത്തിസ്ഗഡ്, ഹിമാചല്‍ എന്നിവിടങ്ങളില്‍ മെയ് 12, 19 തിയതികളില്‍ രണ്ടുഘട്ടങ്ങളിലായി 118 സീറ്റുകളിലാണ് വോട്ടെടുപ്പ്. എന്നാല്‍ റമദാന്‍ ഒന്നോ രണ്ടോ ദിവസം നേരത്തേയെത്തിയാല്‍ മെയ് ആറിന് നടക്കുന്ന അഞ്ചാംഘട്ടവും നോമ്പ് സമയത്താവും. ജമ്മുകശ്മിര്‍, രാജസ്ഥാന്‍ ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി 51 സീറ്റുകളിലേക്കാണ് അഞ്ചാംഘട്ടം.
റമദാനില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരേ സമൂഹമാധ്യമങ്ങളിലാണ് ആദ്യം പ്രതിഷേധമുയര്‍ന്നത്. റമദാന് വോട്ടെടുപ്പ് നിശ്ചയിച്ചത് അത്ഭുതപ്പെടുത്തിയെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് രാജ്യസഭാംഗം ഹുസൈന്‍ ദല്‍വായ് പറഞ്ഞു. നോമ്പെടുക്കുന്ന മുസ്്‌ലിംകള്‍ വോട്ട്‌ചെയ്യാന്‍ മടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍.സി.പി നേതാവും രാജ്യസഭാംഗവുമായ മജീദ് മേമനും ഇതാവര്‍ത്തിച്ചു. നോമ്പെടുക്കുന്ന മുസ്‌ലിംകള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക ക്യൂ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഇത് മുസ്‌ലിംവോട്ടുകള്‍ കുറയ്ക്കുകയും മുസ്‌ലിംകള്‍ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുന്നതിന് തടസമാകുകയും ചെയ്യുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അബുഅസിം അസ്മി പറഞ്ഞു. ആള്‍ ഇന്ത്യ ഉലമാ കൗണ്‍സിലും മറ്റും റമദാന്‍ കാലത്തെ വോട്ടെടുപ്പിനെ എതിര്‍ത്തിട്ടുണ്ട്.
അപാകതയില്ല: ഉവൈസി
റമദാനില്‍ വോട്ടെടുപ്പ് നടത്തുന്നതില്‍ അപാകതയില്ലെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ വെറുതെ വിവാദമുണ്ടാക്കുകയാണ്. റമദാനില്‍ മുസ്്‌ലിംകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമായാണ് ജീവിക്കുക. അവര്‍ പുറത്തുവരും, വോട്ട് ചെയ്യും. നോമ്പുനോറ്റ മുസ്്‌ലിംകള്‍ ബിസിനസ് ചെയ്യാറുണ്ട്, ജോലിക്ക് പോകാറുണ്ട്. റിക്ഷക്കാരും നോമ്പെടുക്കും. സാധാരണ ജീവിതത്തെ നോമ്പ് ബാധിക്കാറില്ല.
ഒരുമാസം മാറ്റാനാവില്ല: തെരഞ്ഞെടുപ്പ് കമ്മിഷന്‍
റമദാന്‍ കാരണം ഒരു മാസം പൂര്‍ണമായും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. റമദാനിലെ വിശേഷ ദിവസങ്ങളും വെള്ളിയാഴ്ചകളും ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് തിയതികള്‍ നിശ്ചയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."