അവിവാഹിത വിധവാ പെന്ഷന്; ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം ഡിസംബറോടെ സമര്‍പ്പിച്ചാല്‍ മതി
മുക്കം: അവിവാഹിത, വിധവാ പെന്ഷന് ഗുണഭോക്താക്കളില്‍നിന്ന് തിടുക്കപ്പെട്ട് ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം വാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം.
അവിവാഹിത, വിധവാപെന്ഷന് ഗുണഭോക്താക്കള്‍ വിവാഹം അല്ലെങ്കില്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നതിന് ഇതുവരെ എല്ലാ ഡിസംബര്‍ മാസവും സ്വയം സാക്ഷ്യപത്രം നല്കിയാല് മതിയായിരുന്നു. എന്നാല്‍, സാമൂഹിക സുരക്ഷാ പെന്ഷന് ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടുന്നതായി കണ്ടെത്തിയതോടെയാണ് സ്വയം സാക്ഷ്യപത്രത്തിനു പകരം ഗസറ്റഡ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ഈ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിയത്.
ഇതുപ്രകാരം പെന്ഷന് മുടങ്ങാതിരിക്കാന്‍ അടുത്ത ഡിസംബറോടുകൂടി ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം സമര്‍പ്പിച്ചാല്‍ മതി.
എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഗുണഭോക്താക്കളോട് ചില തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നതായി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം നല്‍കണമെന്ന വ്യവസ്ഥ 2019 ഡിസംബര്‍ മാസം മുതല്‍ ആരംഭിച്ചാല്‍ മതിയെന്നും തുടര്‍ന്നുവരുന്ന എല്ലാ വര്‍ഷങ്ങളിലും ഡിസംബറില്‍ സാക്ഷ്യപത്രം സമര്‍പ്പിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ സമര്‍പ്പിക്കാത്ത വിധവ, അവിവാഹിത പെന്ഷന് ഗുണഭോക്താക്കളുടെ പെന്ഷന് താല്‍ക്കാലികമായി തടഞ്ഞുവയ്ക്കും. സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് പെന്ഷന് പുനഃസ്ഥാപിച്ച് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."