തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശരത് പവാര്‍
നാഗ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു കൂടുതല്‍ യുവാക്കള്‍ കടന്നുവരുന്നതിനായാണ് താന്‍ തെരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മാധാ ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നതിനായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ മത്സര രംഗത്തുനിന്ന് വിട്ടുനില്‍ക്കാനാണ് താല്പര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തില്‍നിന്ന് ചിലര്‍ മത്സര രംഗത്തേക്ക് വന്ന സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ കുടുംബാധിപത്യം എന്ന ആരോപണം ഇല്ലാതാക്കാനാണ് അദ്ദേഹം മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനുള്ള പ്രധാന കാരണം. കുടുംബത്തില്‍ നിന്ന് ഒന്നിലധികം പേര് ഇപ്പോള്‍ തന്നെ മത്സരരംഗത്തേക്കു വന്നിട്ടുണ്ട്. ശരത് പവാറിന്റെ സഹോദരന് അജിത് പവാറിന്റെ മകന് പാര്‍ഥ് പവാറാണ് ഇതിലൊരാള്‍. ഇതിനു പുറമെ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയും എന്‍.സി.പി ടിക്കറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാരാമതി സീറ്റില്‍ നിന്നാണ് സുപ്രിയ മത്സരിക്കുന്നത്. മാവാല് ലോക് സഭാ സീറ്റില്‍ നിന്നാണ് പാര്‍ഥ് പവാര്‍ മത്സരിക്കുന്നത്. ഇദ്ദേഹത്തിന് നേരത്തെ തന്നെ പെസന്റ് വര്‍ക്കേഴ്സ് പാര്‍ട്ടി (പി. ഡബ്ല്യു.പി) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
14 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെന്നും ഒന്നിലും തനിക്കു പരാജയപ്പെടേണ്ടി വന്നിട്ടില്ലെന്നും ഒരു കുടുംബത്തില്‍ നിന്നുതന്നെ നിരവധി പേര് മത്സരരംഗത്തു വരുന്നതിനോട് യോജിപ്പില്ലാത്തതുകൊണ്ട് താന്‍ വിട്ടുനില്‍ക്കുകയാണെന്നും പവാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."