ബാങ്കിലെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ കബളിപ്പിച്ചു പണം തട്ടി
കാസര്‍കോട്: നാട്ടിലേക്ക് അയക്കുന്നതിനായി പണവുമായി ബാങ്കിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ കബളിപ്പിച്ച് രണ്ടു പേര്‍ പണവുമായി മുങ്ങി. സംഭവത്തില്‍ കാസര്‍കോട് പൊലിസ് അന്വേഷണം തുടങ്ങി. കാസര്‍കോട്ടെ പെയിന്റിങ് തൊഴിലാളിയും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ കമോല്‍ റോയി(25)യുടെ 8000 രൂപ നഷ്ടപ്പെട്ടുവെന്നാണു പരാതി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ എസ്.ബി.ഐ ബാങ്കില്‍ ഇന്നലെ രാവിലെയാണു സംഭവം. നാട്ടിലേക്ക് അയക്കുന്നതിനായി 8000 രൂപയുമായി ബാങ്കിലെത്തിയതായിരുന്നു കമോല്‍ റോയി. അതിനിടെയാണ് രണ്ടു പേര്‍ പരിചയം നടിച്ച് അരികിലെത്തിയത്.
കമോല്‍ റോയിക്ക് നേരെ പ്ലാസ്റ്റിക് പൊതി നീട്ടിയ ഇവര്‍ ഇതിനകത്ത് ഒന്നര ലക്ഷം രൂപയാണെന്നും ബാങ്കില്‍ നിക്ഷേപിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടുവത്രെ. ഇതോടെ കമോല്‍ റോയി പൊതി വാങ്ങി.
കാസര്‍കോട് ടൗണിലുള്ള സുഹൃത്തിനു പണം നല്‍കാനുണ്ടെന്നും ഉടന്‍ അങ്ങോട്ടു പോകണമെന്നും അദ്ദേഹത്തിന് പണം നല്‍കാനുണ്ടെന്നും പറഞ്ഞ് ഇരുവരും കമോല്‍ റോയിയുടെ കൈവശമുണ്ടായിരുന്ന 8000 രൂപ വാങ്ങിച്ചു.
ഉടന്‍ വരാമെന്നു പറഞ്ഞു ബാങ്കില്‍ നിന്നു പുറത്തിറങ്ങി. എന്നാല്‍ ഇവര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു കമോല്‍ റോയി കൈവശമുണ്ടായിരുന്ന പൊതി പരിശോധിച്ചപ്പോഴാണു കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്.
പൊതിക്കകത്തു നിറയെ കടലാസുകളായിരുന്നു. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."