ജില്ലി ക്ഷാമം രൂക്ഷം: കോട്ടപ്പുറം-അച്ചാംതുരുത്തി പാലം പണി പ്രതിസന്ധിയില്‍
നീലേശ്വരം: ജില്ലി ക്ഷാമം രൂക്ഷമായതോടെ കോട്ടപ്പുറം-അച്ചാംതുരുത്തി റോഡ് പാലം നിര്‍മാണം പ്രതിസന്ധിയില്‍. കരിങ്കല്‍ ക്വാറികള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ ആവശ്യത്തിനു ജില്ലി കിട്ടാതെ വന്നതാണു പ്രതിസന്ധിക്കിടയാക്കിയത്. ഒരു ബീമിന്റെയും മൂന്നു സ്ലാബുകളുടെയും പണിയാണു പൂര്‍ത്തിയാകാനുള്ളത്. ലഭ്യമാകുന്ന ജില്ലി ഉപയോഗിച്ചു കരാറുകാരന്‍ പണി നടത്തുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഇതോടെ മഴയ്ക്കു മുന്‍പു പാലം നിര്‍മാണം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്. പണി പൂര്‍ത്തിയായാല്‍ ജില്ലയിലെ ഏറ്റവും വലിയ പാലമായിരിക്കും ഇത്. മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും നടുഭാഗത്തെ കോണ്‍ക്രീറ്റ് കേബിള്‍ സ്ട്രസിങ് നടത്തുമ്പോള്‍ വിള്ളല്‍ വീണതിനാല്‍ ആ ഭാഗം പൊളിച്ചു നീക്കേണ്ടിവന്നു. അതോടെ പ്രവര്‍ത്തി വീണ്ടും നീളുകയായിരുന്നു.
2010 ജൂലായ് 15 നായിരുന്നു നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. 30 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ വിവിധ കാരണങ്ങളാല്‍ 86 മാസം പിന്നിട്ടിട്ടും നിര്‍മാണം മാത്രം പൂര്‍ത്തിയായില്ല. 22 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ കൊച്ചി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് ആദ്യം പ്രവൃത്തി ഏറ്റെടുത്തത്. തുടര്‍ന്ന് ഇവര്‍ കൊച്ചിയിലെ തന്നെ പി.ടി മത്തായി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് സബ് കോണ്‍ട്രാക്ട് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രവൃത്തിയില്‍ കാലതാമസം നേരിട്ടതിനാല്‍ ഇയാളെ മാറ്റുകയും പ്രവൃത്തി ജി.എം എന്‍ജിനിയേഴ്‌സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ കരാറുകാരനെ ഇടയ്ക്കു മാറ്റേണ്ടി വന്നതും പുതിയ കരാറുകാരനെ ഏല്‍പിച്ചതില്‍ വന്ന സാങ്കേതികമായ കാലതാമസവുമാണു നിര്‍മാണം വൈകാന്‍ കാരണമായതെന്നാണു പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത്. ക്വാറി സമരം, പ്രതികൂല കാലാവസ്ഥയില്‍ പുഴയില്‍ പൈലിങ് ചെയ്യാനെടുത്ത അധിക സമയം എന്നിവയും വൈകാന്‍ കാരണമായി.
ജില്ലി കിട്ടാതായതോടെ വീണ്ടും പ്രവര്‍ത്തി വൈകുന്ന സ്ഥിതിയാണിപ്പോള്‍. നിലവിലുള്ള നടപ്പാലം അപകടാവസ്ഥയിലാണ്. അതുകൊണ്ടു തന്നെ ജനങ്ങള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. പാലം യഥാര്‍ഥ്യമായാല്‍ നീലേശ്വരത്തു നിന്നു പയ്യന്നൂരിലേക്കുള്ള ദൂരം 11 കിലോമീറ്റര്‍ കുറയും. ദേശീയപാതയില്‍ അവശേഷിക്കുന്ന പള്ളിക്കര മേല്‍പാലം പണിക്കും കാര്യങ്കോട് പാലത്തിന്റെ പുനര്‍നിര്‍മാണ സമയത്തും ആവശ്യമായി വന്നാല്‍ ബൈപ്പാസായി ഉപയോഗിക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."