വടകര പി. ജയരാജന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കും
#എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പി. ജയരാജന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതു വടകര ലോക്‌സഭാ മണ്ഡലം. പാര്‍ട്ടിയില്‍ നിന്നു രണ്ടുതവണ കൈവിട്ട വടകര സീറ്റ് തിരിച്ചുപിടിച്ചാല്‍ എം.പിയെന്ന നിലയില്‍ ജയരാജന്‍ പാര്‍ട്ടിയില്‍ ശക്തനാകും. ഫലം മറിച്ചായാല്‍ ജയരാജന്റെ രാഷ്ട്രീയഭാവി തന്നെ ചോദ്യംചെയ്യപ്പെടും.
വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നു ജില്ലാ സെക്രട്ടറി പദം ഒഴിഞ്ഞ ജയരാജന്‍ ഇന്നലത്തെ ജില്ലാകമ്മിറ്റി യോഗത്തിലാണ് എം.വി ജയരാജനു സ്ഥാനം കൈമാറിയത്. മുന്‍പ് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡ് തടവുകാരനായപ്പോള്‍ പി. ജയരാജനു പകരം എം.വി ജയരാജന്‍ താല്‍കാലിക ജില്ലാ സെക്രട്ടറിയായാണു ചുമതല വഹിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ അടുത്തൊന്നും കാണാതിരുന്ന കീഴ്‌വഴക്കമാണു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജന്റെ നിയമനത്തോടെ ഉണ്ടായത്.
2011ല്‍ പി. ശശി പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയപ്പാഴാണു പി. ജയരാജന്‍ ജില്ലാസെക്രട്ടറി സ്ഥാനത്തെത്തുന്നത്. ശശി ജില്ലാ കമ്മിറ്റിയില്‍ മടങ്ങിയെത്തിയപ്പോള്‍ ജയരാജന്‍ സ്ഥാനമൊഴിയുന്നതിനും ഇന്നലത്തെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റി യോഗം സാക്ഷ്യംവഹിച്ചു. വ്യക്തിപൂജാ ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അനഭിമതനായ ജയരാജനെ ഒതുക്കുന്നതിന്റെ ഭാഗമായാണു വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നു പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു. ജയരാജനെ പ്രകീര്‍ത്തിച്ച് സംഗീത ആല്‍ബം പുറത്തിറക്കിയതും നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതെല്ലാം സ്വയം ഇമേജ് വര്‍ധിപ്പിക്കാനുള്ള ജയരാജന്റെ ശ്രമങ്ങളായിരുന്നുവെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. വടകര സീറ്റ് തിരിച്ചുപിടിച്ച് രാഷ്ട്രീയ വിജയം കൈവരിക്കല്‍ ജയരാജനു മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ജയരാജനിലൂടെ വടകര സീറ്റ് തിരിച്ചുപിടിക്കാനാവുമെന്നു നേതൃത്വം പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."