കാക്കനാട്ടെ യുവാവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്
ഏഴു പേര്‍ പിടിയില്‍
മരണത്തിന് കാരണം രണ്ടര മണിക്കൂറോളം നീണ്ട മര്‍ദനം
കൊച്ചി: കാക്കനാട് വാഴക്കാലയില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമായി നടപ്പിലാക്കിയതെന്ന് പൊലിസ്. കൊല്ലപ്പെട്ട ജിബിനും പ്രതികളിലൊരാളായ അസീസിന്റെ കുടുംബവും തമ്മില്‍ മുന്‍പുണ്ടായിരുന്ന വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. എന്നാല്‍ ഇത് സദാചാരക്കൊലയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജിബിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ വിളിച്ചുവരുത്തിയതാണെന്നും പൊലിസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് അസീസിനെയും മറ്റ് പ്രതികളായ ആറ് പേരെയും പിടികൂടിയിട്ടുണ്ട്. മനാഫ്, അലി, കെ.ഇ സലാം, കെ.കെ സിറാജുദ്ദീന്‍, കെ.ഐ യൂസഫ്,അജാസ് എന്നിവരാണ് പിടിയിലായത്. മനാഫ് അസീസിന്റെ മകനാണ്. അസീസിന്റെ മകളും മരുമകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് എത്തിയത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ ഏഴു പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്.
രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന മര്‍ദനമാണ് ജിബിന് നേരെയുണ്ടായത്. ചക്കരപ്പറമ്പിലുള്ള വീട്ടില്‍നിന്നും ജിബിനെ ഫോണ്‍ ചെയ്ത് വാഴക്കാല പടന്നാട്ട് അസീസിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. സ്‌കൂട്ടര്‍ സമീപത്ത്‌വച്ച ശേഷം വീടിന് പിന്നിലൂടെ എത്തിയ ജിബിനെ സംഘം വളഞ്ഞു. തുടര്‍ന്ന് കോണിപ്പടിക്ക് കീഴിലുള്ള ഗ്രില്ലില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഇത് പുലര്‍ച്ചെ രണ്ടര വരെ നീണ്ടുനിന്നു. ബലമേറിയ ആയുധംകൊണ്ടുള്ള മര്‍ദനത്തില്‍ വാരിയെല്ല് തകരുകയും ആന്തരിക രക്തസ്രാവമുണ്ടാകുകയും ചെയ്തു.
അക്രമിക്കാന്‍ മുന്‍കൂട്ടി തയാറായി നിന്നവരും ശബ്ദം കേട്ടെത്തിയവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. മരണം സംഭവിച്ചതോടെ ജിബിന്റെ മൃതദേഹം അസീസിന്റെ വീടിന് മുന്നില്‍വച്ച് പ്രതികളിലൊരാളായ അലിയുടെ ഓട്ടോറിക്ഷയില്‍ കയറ്റി. പാലച്ചുവടെത്തി മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അപകടമുണ്ടായതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി സ്‌കൂട്ടര്‍ ഇതിനോട് ചേര്‍ന്ന് മറിച്ചിട്ടു. ഈ സംഭവങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.
പരിശോധനക്കെത്തിയ പൊലിസ് അപകടമാണെന്ന് ആദ്യം ധരിച്ചെങ്കിലും കൊലപാതകമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. 20 സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മരണപ്പെട്ട ജിബിന്റേതും സംശയിക്കപ്പെടുന്ന ആളുകളുടെയും ഫോണ്‍ രേഖകള്‍ പൊലിസ് പരിശോധിച്ച് വരികയാണ്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നതിനെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തില്‍ മാത്രമെ പറയാന്‍ കഴിയുകയുള്ളൂവെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ പി.എസ് സുരേന്ദ്രന്‍ പറഞ്ഞു.
തൃക്കാക്കര അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പൊലിസ്, സൈബര്‍ വിഭാഗം, ഡോഗ് സ്‌ക്വാഡ്, ശാസ്ത്രീയ അന്വേഷണ വിഭാഗം തുടങ്ങി സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം.
തൃക്കാക്കര പൊലിസാണ് കേസ് അന്വേഷിക്കുന്നത്. പിടികൂടാനുള്ള പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ പി.എസ് സുരേന്ദ്രന്‍ വ്യക്തമാക്കി. അപകടമെന്ന് കരുതി തള്ളിപ്പോകാമായിരുന്ന കേസാണ് പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."