HOME
DETAILS
MAL
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍: നിയമനത്തിന് വിചിത്ര മാനദണ്ഡം
backup
May 18 2020 | 05:05 AM
കൂരാച്ചുണ്ട് (കോഴിക്കോട്): സംസ്ഥാനത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനത്തിന് മാനദണ്ഡമാക്കുന്നത് 59 വര്‍ഷം മുന്‍പുള്ള ജനസംഖ്യ.
കൊവിഡ് പശ്ചാത്തലത്തില്‍ ജെ.എച്ച്.ഐ തസ്തികയില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തണമെന്ന ആവശ്യം ശക്തമാകുമ്പോഴും 1961ലെ ജനസംഖ്യ അനുസരിച്ചാണ് ഇപ്പോഴും നിയമനം നടക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് 4,816 ജെ.എച്ച്.ഐമാരാണ് സര്‍വിസിലുള്ളത്. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് 5,000 ജനസംഖ്യയ്ക്ക് ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ നിയമിക്കണം. മലയോര, ആദിവാസി മേഖലകളില്‍ 3,000 ജനംസംഖ്യയ്ക്ക് ഒരു ജെ.എച്ച്.ഐ, കൂടാതെ ഒരു സബ് സെന്ററിന് ഒരു ജെ.എച്ച്.ഐ എന്നാണ് കണക്ക്.
നിലവിലെ തസ്തിക പ്രകാരം ഒരു ജെ.എച്ച്.ഐയുടെ കീഴില്‍ 15,000 പേരെങ്കിലും ഉണ്ടാകും. ഇതു മറികടക്കാനായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 567 തസ്തികള്‍ സൃഷ്ടിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നിയമനം വൈകുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ പ്രതികരണം.
ഞായറാഴ്ചകളില്‍ അടക്കം ജോലി ചെയ്യുന്ന ജെ.എച്ച്.ഐമാര്‍ ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരന്തരമായി ബന്ധപ്പെട്ട് അവരുടെ വിവരങ്ങള്‍ ശേഖരിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്.
കൂടാതെ പകര്‍ച്ചവ്യാധി നിയന്ത്രണം, ആരോഗ്യാനുബന്ധ പരിശോധനകള്‍, ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ്, രോഗനിരീക്ഷണം, റിപ്പോര്‍ട്ടിങ്, ബോധവത്കരണ പരിപാടികള്‍, ജീവിതശൈലീ രോഗങ്ങള്‍, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍, പുതുതായി വരുന്ന വൈറസ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇവരുടെ പ്രവര്‍ത്തന പരിധിയിലാണ്. കൊവിഡ് 19 പ്രത്യേക സാഹചര്യത്തില്‍ മുനിസിപ്പാലിറ്റികളില്‍ 400ഓളം പുതിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞവരെ മാറ്റിനിര്‍ത്തിയാണ് ഈ നിയമനങ്ങളെന്ന് ആക്ഷേപം ശക്തമാണ്. 3,000ത്തോളം വിദ്യാര്‍ഥികളാണ് രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് കഴിഞ്ഞ് ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത്.
വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജെ.എച്ച്.ഐമാരെ ടെലഫോണ്‍ അഭിമുഖം വഴി വരെ നിയമിക്കുന്ന സാഹചര്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."