റോ റോ സര്‍വിസ്: മേയറുടെ കോലം കത്തിച്ച് പ്രതിഷേധം
മട്ടാഞ്ചേരി: റോറോ സര്‍വിസ് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധത്തില്‍ പൂര്‍ണ്ണതോതില്‍ നടത്താതെ പശ്ചിമകൊച്ചി നിവാസികളെ മേയറും, നഗരസഭയും കബളിപ്പിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ട് ഫോര്‍ട്ടുകൊച്ചിവൈപ്പിന്‍ ഫെറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കൊച്ചി മേയറുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
സര്‍വിസ് ആരംഭിച്ച് രണ്ടു മാസത്തോളമാകുമ്പോഴും മേഖലക്ക് വേണ്ടി നിര്‍മിച്ച രണ്ടു വെസലുകളും ഉപയോഗപെടുത്താനായട്ടില്ല.
യാത്രക്കാര്‍ ഏറെയുള്ള സമയത്തിന് സര്‍വിസ് നടത്താതെ പകരം സര്‍ക്കാര്‍ ഓഫിസിന്റെ പ്രവര്‍ത്തനം പോലെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെ ഉച്ച വിശ്രമമടക്കം എട്ട് മണിക്കൂര്‍ സമയമാക്കി സര്‍വിസ് നിജപെടുത്തിയിരിക്കയാണ്.
തിരക്കേറുന്ന ഞായര്‍ ,അവധി ദിവസങ്ങളില്‍ സര്‍വിസ് ഒഴിവാക്കിയിരിക്കയാണ്. സര്‍വിസ് ആരംഭിച്ചപ്പോള്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണതോതില്‍ സര്‍വിസ് നടത്തുമെന്നാണ് നടത്തിപ്പുകാരായ കിന്‍കോ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ മാസം രണ്ടാകുമ്പോഴും സര്‍വീസ് 8 മണിക്കൂര്‍ തന്നെ തുടരുകയാണ്.
വെസല്‍ ഓടിക്കാന്‍ വിദഗ്ദ്ധരില്ലെന്നാണ് നഗരസഭയും, കിന്‍കോയും പറയുന്നത്. സര്‍വിസ് ആരംഭിച്ചപ്പോള്‍ പുതിയ ഡ്രൈവര്‍ക്കായി വെസലില്‍ പരിശീലനം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ പരിശീലനവും നിലച്ചിരിക്കയാണ്. ഇതേ തുടര്‍ന്നാണ് സമിതിയുടെ നേതൃത്വത്തില്‍ മേയറുടെ കോലം കത്തിച്ചത്.
ജനകീയ സമിതി കണ്‍വീനര്‍ എ.ജലാല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പി.ഡി.പി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എച്ച് മെഹബൂബ് അധ്യക്ഷത വഹിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്റ്റാന്‍ലി പൗലോസ് ,സാമുഹ്യ പ്രവര്‍ത്തകന്‍ നാസര്‍ നാക്കാട്ട് ,എം.എം.സലീം ,കെ.എ.മുജീബ് ,പി.എം.ഫൈസല്‍, കെ.എ.ഹനീഫ് ,ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. പശ്ചിമകൊച്ചിയോടുള്ള അവഗണന റോ റോ സര്‍വിസിലും തുടരുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."