ജനവാസ മേഖലയില്‍ എത്തിയ പെരുമ്പാമ്പിനെ പിടികൂടി
മറയൂര്‍: ഊരുവാസല്‍ ഭാഗത്ത് ജനവാസ മേഖലയില്‍ എത്തിയ പെരുമ്പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയച്ചു. ഊരുവാസലില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ ബാലകൃഷ്ണന്റെ പുരയിടത്തില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെ സമീപ വാസികളാണ് പെരുമ്പാമ്പിനെ കണ്ടത്.
പാമ്പിനെ കണ്ടയുടന്‍ വീട്ടുടമയായ ബാലകൃഷ്ണനെ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പാമ്പിനെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള ഓട്ടോ ഡ്രൈവറായ മൂര്‍ത്തിയുടെ സഹായത്തോടെ വനപാലകര്‍ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി ചിന്നാര്‍ വനമേഖലയില്‍ തുറന്ന് വിടുകയായിരുന്നു.
മഴക്കാലമായതോടെ വിവിധങ്ങളായ പാമ്പുകളാണ് ജനവാസ മേഖലയിലേക്ക് കടന്ന് വരുന്നത്. കഴിഞ്ഞ ദിവസം സരസ്വതി വിദ്യാമന്ദിര്‍ എല്‍.പി. സ്‌കൂളില്‍ പഠനം നടത്തി കൊണ്ടിരുന്ന ക്ലാസ് മുറിയില്‍ കയറി ഭീതി പരത്തിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയച്ചിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ പതിനഞ്ചോളം പാമ്പുകളെയാണ് ജനവാസ മേഖലയില്‍ നിന്നും പിടികൂടി വനത്തില്‍ വിട്ടയച്ചത്. ഇതില്‍ ഭൂരിപക്ഷം പാമ്പുകളെയും മൂര്‍ത്തിയാണ് പിടികൂടിയത്. വിദഗ്ധ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത മൂര്‍ത്തിയാണ് ഇപ്പോള്‍ മറയൂരിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."