വയനാട്ടില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
ആനയെ തുരത്തുന്നതിനിടെ അഞ്ച് വനപാലകര്‍ക്ക് പരുക്ക്
പനമരം: ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പനമരം കാപ്പുഞ്ചാല്‍ ആറുമൊട്ടക്കുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74)ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30ഓടെയായിരുന്നു സംഭവം. ആറുമൊട്ടംകുന്ന് കവലയിലെ സൊസൈറ്റിയില്‍ പാല്‍ അളന്ന് തിരിച്ച് വീട്ടിലേക്ക് വരവേ രാഘവന്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. രാഘവനെ അടിച്ച് വീഴ്ത്തിയ ആന ചവിട്ടുകയും കുത്തുകയും ചെയ്തു. സംഭവം നടക്കുന്നതിന് അല്‍പം മുന്‍പ് വരെ രാഘവനൊപ്പമുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരന്‍ വാസു ആനയുടെ ചിന്നംവിളി കേട്ട് വീട്ടില്‍ നിന്ന് ഇറങ്ങി നോക്കിയപ്പോഴാണ് ആനയെ കണ്ടത്. പിന്നീട് ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ ചേര്‍ന്ന് രാഘവനെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാവിലെ എട്ടുമണിയോടെ സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ആന വനപാലകര്‍ക്ക് നേരെ തിരിഞ്ഞു. തുടര്‍ന്ന് രക്ഷപ്പെട്ടോടുന്നതിനിടെ വീണ് അഞ്ചു വനപാലകര്‍ക്ക് പരുക്കേറ്റു.
വനം വകുപ്പ് ജീവനക്കാരയ കെ.ജെ സജന്‍, എ.കെ സുനീഷ്, വിജയന്‍ കാളന്‍, മാനുവല്‍ ജോര്‍ജ്, കാസ്‌ട്രോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കി വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാന കാടുകയറാതെ പരിഭ്രാന്തി പരത്തിയതോടെ ജനങ്ങളെ നിയന്ത്രിക്കാന്‍ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ മുഴുവന്‍ പ്രദേശത്തെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ ഒടുവില്‍ വൈകിട്ട് ആറരയോടെ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകര്‍ കൈതക്കലില്‍ നിന്ന് പരക്കുനി വഴി കബനി പുഴ കടത്തി ചെതലയം വനത്തിലേക്ക് തുരത്തുകയായിരുന്നു.മാധവിയാണ് രാഘവന്റെ ഭാര്യ. മക്കള്‍: ബാബുരാജ്, സുരേഷ് (എ.എസ്.ഐ പനമരം പൊലിസ് സ്റ്റേഷന്‍), മനോജ്, വിനീഷ്, അജീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."