തൃശൂര്‍: പടലപ്പിണക്കം തീരാതെ സി.പി.ഐ
തൃശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി പ്രചാരണ രംഗത്തേക്കു കടന്നെങ്കിലും തൃശൂരില്‍ സി.പി.ഐക്കുള്ളിലെ പടലപ്പിണക്കം തീരുന്നില്ല. സിറ്റിങ് എം.പിയെ അവഗണിക്കുന്നുവെന്ന പരാതിയാണ് ഏറ്റവുമൊടുവിലായി പാര്‍ട്ടിയില്‍ പുതിയ വിവാദത്തിനു വഴിവച്ചത്.
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് സിറ്റിങ് എം.പി സി.എന്‍ ജയദേവന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇറങ്ങിപ്പോയി എന്ന വാര്‍ത്ത എം.പി നിഷേധിക്കുന്നുണ്ടെങ്കിലും ജില്ലയിലെ പാര്‍ട്ടിയില്‍ തന്നെ നിയന്ത്രിക്കാന്‍ ആരുമില്ലെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കുന്നുമുണ്ട്. സിറ്റിങ് എം.പി എന്ന നിലയില്‍ തനിക്കു വേണമെങ്കില്‍ പ്രസംഗിക്കാമായിരുന്നു. പാര്‍ട്ടി സെക്രട്ടറി സംസാരിച്ച വേദിയില്‍ പിന്നെ സംസാരിക്കേണ്ട ആവശ്യമില്ല. സംസാരിക്കുന്നതില്‍നിന്ന് തന്നെ നിയന്ത്രിക്കാന്‍ ജില്ലയില്‍ ആരുമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
സിറ്റിങ് എം.പിയുടെ പേരു പോലും പരാമര്‍ശിക്കാതെയായിരുന്നു കാനം രാജേന്ദ്രന്‍ എല്‍.ഡി.എഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ജയദേവനൊപ്പം സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം നേടിയിരുന്ന കെ.പി രാജേന്ദ്രനെ പ്രസംഗിക്കാന്‍ വിളിച്ചപ്പോഴാണ് എം.പി വേദി വിട്ടത്. മാത്രമല്ല, യോഗത്തില്‍ കെ.പി രാജേന്ദ്രനെ പ്രചാരണ ചുമതലയുള്ള കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാക്കി. ഇതാണ് എം.പിയെ ചൊടിപ്പിച്ചത്്.
മുന്‍പ് സീറ്റ് നിഷേധിച്ചതിലുള്ള അമര്‍ഷം എം.പി പലയിടങ്ങളിലും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് കെ.പി രാജേന്ദ്രന്‍ പക്ഷം ജയദേവനെ താഴ്ത്തിക്കെട്ടാന്‍ എം.പിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്തത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. വാട്‌സ് ആപ്പ് മെസേജിനെതിരേ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ച എം.പി പാര്‍ട്ടി നേതൃത്വത്തിന് പരാതിയും നല്‍കി. തനിക്കെതിരേ വാര്‍ത്തകള്‍ ഒന്നിച്ചു വരുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് എം.പി പറയുന്നത്.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും മാറിനില്‍ക്കേണ്ട സാഹചര്യമിപ്പോഴില്ലെന്നും പറഞ്ഞിരുന്ന ജയദേവനെ വെട്ടിയാണ് ലിസ്റ്റിലെ അവസാന സ്ഥാനക്കാരനായിരുന്ന രാജാജിക്ക് പാര്‍ട്ടി ടിക്കറ്റ് കൊടുത്തത്. സിറ്റിങ് എം.പിയെ മാറ്റിയതെന്തുകൊണ്ടെന്ന് വിശദീകരിക്കാനാവാതെ പാര്‍ട്ടി നേതാക്കള്‍ കുഴങ്ങുന്നതിനിടയ്ക്കാണ് സിറ്റിങ് എം.പി തന്നെ പാര്‍ട്ടിക്കു തലവേദനയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."