തോലന്നൂരില്‍ സര്‍ക്കാര്‍ കോളജ് ഉടന്‍ ആരംഭിക്കും
കുഴല്‍മന്ദം: കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് വിദ്യാഭ്യാസമേഖലയിലെ പൊന്‍തൂവലായി തോലന്നൂര്‍ ഗ്രാമത്തില്‍ ഇനി സര്‍ക്കാര്‍ കോളജ് ഉടന്‍ ആരംഭിക്കും.
പതിറ്റാണ്ടുകളായുളള ആവശ്യമായിരുന്നു തോലന്നൂര്‍ മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ കോളജ് വേണമെന്നത്. എന്നാല്‍ നിനച്ചിരിക്കാത്ത നേരത്ത് തങ്ങളുടെ മോഹം പൂവണിഞ്ഞ പ്രതീതിയിലാണ് തോലന്നൂര്‍ നിവാസികള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എം.എല്‍.എ ആയിരുന്ന എ.കെ ബാലനായിരുന്നു തോലന്നൂര്‍ ഗ്രാമത്തിന് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വേണമെന്നാവശ്യം സര്‍ക്കാരിന്റെ മുന്നില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം പുതിയ സര്‍ക്കാര്‍ തോലന്നൂര്‍ നിവാസികളുടെ മോഹം സഫലമാക്കുകയായിരുന്നു. തോലന്നൂര്‍ ഗ്രാമത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ വടക്കഞ്ചേരി മുതല്‍ കുഴല്‍മന്ദം വരെയുളള വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നതില്‍ സംശയമില്ല.
തോലന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സൗകര്യങ്ങളുപയോഗിച്ചാണ് ഗവ. കോളേജ് പ്രവര്‍ത്തിക്കുകയെന്നതിനാല്‍ ഇതിനായി മൂന്നു ക്ലാസുമുറികളും ഒരു ഹാളും അടങ്ങുന്ന കെട്ടിടത്തിന് നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു നിര്‍മിച്ച കെട്ടിടത്തിലാണ് പുതിയ കോളജ് പ്രവര്‍ത്തിക്കുകയെന്നിരിക്കെ നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവുകളുമുണ്ട്. ഈ അധ്യയനവര്‍ഷത്തില്‍ തന്നെ തോലന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കമെന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകും. കോളജിന്റെ ആദ്യഘട്ടത്തില്‍ ബി. കോം, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ജോഗ്രഫി കോഴ്‌സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."