സുപ്രിംകോടതിക്ക് അത്ഭുതം
അസം വോട്ടര്‍പട്ടികയുടെ
വിശദവിവരങ്ങള്‍ അറിയിക്കണം
ന്യൂഡല്‍ഹി: അസമിലെ വോട്ടര്‍ പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും സംബന്ധിച്ച് ഈ മാസം 28നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. പൗരത്വ ലിസ്റ്റില്‍ പേരുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരു വെട്ടുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
കരട് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും ലക്ഷക്കണക്കിന് പേര്‍ക്ക് അസമില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന ഹരജികളിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.
2018 ജനുവരി ഒന്ന് മുതല്‍ 2019 ജനുവരി ഒന്നുവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തവരുടെയും ഉള്‍പ്പെടുത്തിയവരുടെയും വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൗരത്വപട്ടികയുടെ അടിസ്ഥാനത്തില്‍ ആരുടെയും പേര് നീക്കം ചെയ്യുകയോ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിങ് പറഞ്ഞു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരജി സമര്‍പ്പിക്കപ്പെട്ടത്. ഹരജിക്കാരന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് ഇത് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.
ജനപ്രതിനിധികളുടെ സ്വത്ത് പെരുകുന്നത്
പരിശോധിക്കാന്‍ സ്ഥിരം സംവിധാനം വേണം
ന്യൂഡല്‍ഹി: ജനപ്രതിനിധികളുടെ സ്വത്ത് പെരുകുന്നത് പരിശോധിക്കാന്‍ സ്ഥിരം സംവിധാനമില്ലാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര നിയമമന്ത്രാലയത്തോട് സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദാംശങ്ങള്‍ അറിയിക്കണം. ജനപ്രതിനിധികളുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തുന്നതിന് എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ലഖ്‌നോ ആസ്ഥാനമായ സര്‍ക്കാരേതര സംഘടന ലോക്പ്രഹാരി സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസിലാണ് സുപ്രിംകോടതി നടപടി. 2018 ഫെബ്രുവരി 16ന് കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്. അബ്ദുല്‍നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കഴിഞ്ഞ വര്‍ഷം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനാര്‍ഥികള്‍ ജീവിതപങ്കാളിയുടെയും സ്വത്തുക്കള്‍ വെളിപ്പെടുത്തണമെന്നതിനൊപ്പം ആശ്രിതരുടെയും സ്വത്തുക്കള്‍ കൂടി വെളിപ്പെടുത്തണമെന്നും അവരുടെ വരുമാനസ്രോതസുകളും നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ, ഏഴു എം.പിമാരുടെയും 9 എം.എല്‍.എമാരുടെയും വരുമാനം വെളിപ്പെടുത്തിയതില്‍ പ്രഥമദൃഷ്ട്യാ വൈരുധ്യം പ്രകടമാണെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് (സി.ബി.ഡി.ടി) അറിയിച്ചിരുന്നു. 12 എം.പിമാരുടെ സ്വത്ത് 12 ഇരട്ടിയും 22 പേരുടേത് അഞ്ചിരട്ടിയും വര്‍ധിച്ചതായി എ.ഡി.ആര്‍ എന്ന സന്നദ്ധ സംഘടനയും കോടതിയെ അറിയിച്ചു.
ജനപ്രതിനിധികളുടെ സ്വത്തില്‍ വരുന്ന വര്‍ധനവ് സംബന്ധിച്ച് സാധാരണയായി അന്വേഷണം നടക്കാറില്ലെന്ന് രണ്ടംഗബെഞ്ച് അഭിപ്രായപ്പെട്ടു. ഓരോ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോഴും പലരുടേയും സ്വത്തില്‍ വന്‍ വര്‍ധനവാണുണ്ടാവുന്നത്. പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും ബെഞ്ച് ശുപാര്‍ശ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."