പൂങ്കാവ് പള്ളിയില്‍ സ്‌നേഹദീപക്കാഴ്ച ഇന്ന്
ആലപ്പുഴ: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിലെ പെസഹാരാവിനെ പ്രഭാമയമാക്കിക്കൊണ്ട് പതിനായിരക്കണക്കിന് സ്‌നേഹദീപങ്ങള്‍ ഇന്ന് മിഴിതുറക്കും. രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ വരെ എണ്ണവറ്റാത്ത നിലവിളക്കുകള്‍ തെളിച്ച് പള്ളിമൈതാനിയില്‍ നാനാജാതി മതസ്ഥരായ വിശ്വാസികള്‍ നിലയുറപ്പിക്കും. ക്രിസ്തുനാഥന്റെ പീഡാസഹനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ധ്യാനിച്ചും, പ്രാര്‍ത്ഥിച്ചും ജാഗരണം ഇരിക്കുന്ന ദീപാര്‍ച്ചന മറ്റൊരു ദേവാലയത്തിലും കാണാത്ത ഭക്താനുഷ്ടാനമാണ്.
വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന എണ്ണച്ചക്കുകളില്‍ ആട്ടിയെടുത്ത എണ്ണ ഒഴിച്ചുതന്നെയാണ് ആദ്യകാലങ്ങളില്‍ പള്ളിയില്‍ നിലവിളക്ക് തെളിയിച്ചിരുന്നത്. തങ്ങളുടെ അദ്ധ്വാനത്തിന്റെ ഓഹരി കര്‍ത്താവിന് സമര്‍പ്പിക്കുകയെന്നതും പൂങ്കാവിലെ ദീപക്കാഴ്ച്ചയുടെ പ്രത്യേകതയായിരുന്നു. ഈ വര്‍ഷത്തെ ദീപാര്‍ച്ചനയില്‍ പ്രഥമദീപം തെളിയിച്ച് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ.കുര്യന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ധനമന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്ക്, കെ.സി.വേണുഗോപാല്‍ എം.പി, പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ദീപം തെളിയിക്കല്‍ ചടങ്ങളില്‍ പങ്കെടുക്കും. ദീപക്കാഴ്ചയ്ക്ക് മുമ്പായി വൈകുന്നേരം 6ന് നടക്കുന്ന തിരുവത്താഴപൂജയില്‍ ഇടവക വികാരി റവ.ഡോ.ഫ്രാന്‍സീസ് കുരിശിങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. റവ.ഡോ.ഗാസ്പര്‍ കടവിപറമ്പില്‍ വി.സി വചനപ്രഘോഷണം നടത്തും. യേശുനാഥന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ അനുസ്മരണ ചടങ്ങായ കാലുകഴുകല്‍ ശുശ്രൂഷയും പരിശുദ്ധ കുര്‍ബ്ബാനയുടെ സ്ഥാപനവും തുടര്‍ന്നു നടക്കും. രാത്രി 8 മണി മുതല്‍ 12 വരെ പരസ്യാരാധനയും 12 മണി മുതല്‍ കുരിശിന്റെ വഴിയും നടക്കും. റവ.ഡോ.ജോയി അറയ്ക്കല്‍ ധ്യാനപ്രസംഗം നടത്തും. രാത്രി 8 മണി മുതല്‍ കര്‍ത്താവിന്റെ അത്ഭുത പീഢാസഹന തിരുസ്വരൂപം വിശ്വാസികള്‍ക്ക് പൊതുദര്‍ശനത്തിനായി സമര്‍പ്പിക്കും. പ്രധാന നേര്‍ച്ച വഴിപാടായ വിളക്ക് നേര്‍ച്ച, പട്ട്, തലയണ എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രാത്രി 11 മണിക്ക് നേര്‍ച്ച കഞ്ഞിവയ്പാരംഭം ആശിര്‍വ്വാദം റൈറ്റ്.റവ.ഡോ. ജോസഫ് കരിയില്‍ കൊച്ചി മെത്രാന്‍ നിര്‍വ്വഹിക്കും. ചേര്‍ത്തല, ആലപ്പുഴ ഡിപ്പോകളില്‍നിന്നും പൂങ്കാവിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസുകള്‍ പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് പൂങ്കാവ് ഹൈവേ ജംഗ്ഷനില്‍ സ്റ്റോപ്പ് ഉണ്ടായിക്കും. പോലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ് എന്നിവയുടെ സേവനം ഉണ്ടായിരിക്കും. ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക വാഹന പാര്‍ക്കിങ്ങ് സൗകര്യം ലഭ്യമാണ്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."