സഊദി ചരിത്ര ദിനത്തില്‍ ചരിത്രം കുറിച്ച് മലയാളി വനിത ഫൗസിയ ബീവി
ദമാം: സഊദി ചരിത്രത്തിലെ പുതിയ അധ്യായം തുന്നിച്ചേര്‍ക്കപ്പെട്ട ദിവസം ചരിത്രത്തിന്റെ ഭാഗവാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്ത്യത്തില് മലയാളി വനിതയും. വനിതകള്‍ സഊദി നിരത്തുകളില്‍ വാഹനം ഇറക്കിയതിന്റെ ആദ്യദിനം തന്നെ സഊദിയിലേക്ക് സ്വന്തം വാഹനമോടിച്ച് എത്തിയതാണ് എറണാകുളം കാക്കനാട് സ്വദേശിയും സാസ് ജനറല്‍ സര്‍വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന് മുഹമ്മദ് കുഞ്ഞിന്റെ ഭാര്യയുമായ ഫൗസിയ ബീവി. ബഹ്റൈനില്‍ നിന്നു കോസ്വേ വഴിയാണ് ചരിത്രത്തിന്റെ ഭഗവാക്കാനായി സഊദിയിലെത്തിയത്.
ബഹ്റൈന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചാണ് സഊദി ബഹ്റൈന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഖോബാര്‍ കിംഗ് ഫഹദ് കോസ്വേയിലെ വി.ഐ.പി ലൈനിലൂടെ കടന്നുവന്ന് ചരിത്രത്തിന്റെ ഭാഗമായത്. വി.ഐ.പി ലൈനിലൂടെ വാഹനം ഓടിച്ച് സഊദിയിലേക്ക് പ്രവേശിച്ച ആദ്യ ഇന്ത്യന്‍ വനിത കൂടിയായിയായി ഫൗസിയ ബീവി. ആയിശ ബഹ്ലൂല്, ബാസിമ അല്‍ഹറം, നാദിയ അല്‍ഫായിസ് എന്നീ ബഹ്റൈന്‍ വനിതകളും ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വന്ന് മിനിറ്റുകള്‍ക്കകം കിംഗ് ഫഹദ് കോസ്വേ വഴി കാറോടിച്ച് സഊദിയില്‍ പ്രവേശിച്ചു.
ഇത് കൂടാതെ രാജ്യത്തെ മറ്റു രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന മറ്റു കരമാര്ഗ്ഗങ്ങളിലെ വഴികള്‍ വഴിയും നിരവധി വനിതകള്‍ ഡ്രൈവിംഗ് അനുമതി ലഭിച്ചയുടന്‍ രാജ്യത്തേക്ക് പ്രവേശിച്ചു. ഉത്തര സഊദിയില്‍ ഖുറയ്യാത്തിലെ അല്‍ഹദീഥ അതിര്‍ത്തി പോസ്റ്റ് വഴി ആദ്യമായി കാറോടിച്ച് സൗദിയില്‍ പ്രവേശിച്ചത് ജോര്‍ദാനി യുവതി തഹാനിയാണ്. ഇവരെ അതിര്‍ത്തി പോസ്റ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപഹാരം വിതരണം ചെയ്ത് സ്വീകരിച്ചു.
2000 ത്തില്‍ കേരള ലൈസന്‍സ് കരസ്ഥമാക്കിയ ഫൗസിയ അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം വാഹനം ഓടിക്കാറുണ്ട്. ഇരുപത് വര്‍ഷത്തോളമായി സഊദിയിലുള്ള കുടുംബം ഏതാനും മാസമായി ബഹ്റൈനിലേക്ക് താമസം മാറ്റിയിരുന്നു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഫൗസിയ ആരാമം മാസികയിലും സഊദിയിലെത്തിയ ശേഷം ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപികയായും ജോലി നോക്കിയിരുന്നു. രണ്ട് മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."