പണമില്ലാതെ വലഞ്ഞ് ട്രഷറികള്‍; ചോദിച്ചത് 4.3 കോടി, കിട്ടിയത് 1.97 കോടി
തൊടുപുഴ: വിഷുവും ഈസ്റ്ററും എത്തിനില്‍ക്കെ പണമില്ലാതെ ഇടുക്കി ജില്ലയിലെ ട്രഷറികള്‍. ഇന്നലെ 43244643 രൂപ ചോദിച്ചിടത്ത് ട്രഷറികള്‍ക്ക് ലഭിച്ചത് 19744643 രൂപ മാത്രമാണ്.
ജില്ലാ ട്രഷറിയടക്കം 11 ട്രഷറികളുളള ജില്ലയിലെ അഞ്ച് ട്രഷറികള്‍ക്ക് ഒരു രൂപ പോലും ലഭിച്ചില്ല. ഇന്നലെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങാനെത്തിയ നൂറു കണക്കിന് ആളുകളാണ് പണം കിട്ടാതെ നിരാശരായി മടങ്ങിയത്.
ട്രഷറികള്‍ക്ക് കറന്‍സി നല്‍കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നോട്ടുക്ഷാമമാണ് ദിവസങ്ങളായി തുടരുന്ന പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു.
90 ലക്ഷം ആവശ്യപ്പെട്ട പീരുമേട് സബ് ട്രഷറിക്കും 20 ലക്ഷം ചോദിച്ച ദേവികുളം സബ് ട്രഷറിക്കും 20 ലക്ഷം വേണ്ടിയിരുന്ന രാജകുമാരി സബ് ട്രഷറിക്കും 25 ലക്ഷം ആവശ്യമുണ്ടായിരുന്ന അടിമാലി സബ് ട്രഷറിക്കും 10 ലക്ഷം ആവശ്യപ്പെട്ട മുരിക്കാശേരി സബ് ട്രഷറിക്കുമാണ് പണമൊന്നും ലഭിക്കാത്തത്.
50 ലക്ഷം വീതം ആവശ്യപ്പെട്ട തൊടുപുഴ, കരിമണ്ണൂര്‍ സബ് ട്രഷറികള്‍ക്ക് 15 ലക്ഷം മാത്രമാണ് കിട്ടിയത്. ജില്ലാ ട്രഷറിക്കും നെടുങ്കണ്ടം, പൈനാവ്, കട്ടപ്പന സബ് ട്രഷറികള്‍ക്കും ആവശ്യപ്പെട്ട മുഴുവന്‍ തുകയും ലഭിച്ചു.
അടുത്ത രണ്ടു ദിവസങ്ങളില്‍ അവധിയാണ്. ശനിയാഴ്ച കാര്യമായ പണമിടപാട് നടക്കാനുളള സാധ്യതയില്ല. ഇനി തിങ്കളാഴ്ച മാത്രമേ കറന്‍സി ക്ഷാമം പരിഹരിക്കപ്പെടുകയുളളൂ.
കറന്‍സിക്ഷാമം അതിരൂക്ഷമായി തുടരുന്നതിനിടെ ബാങ്കുകള്‍ വീണ്ടും സംഘര്‍ഷഭീതിയിലായി. ഇടപാടുകാര്‍ക്ക് നല്‍കാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് ബ്രാഞ്ചുകള്‍ ഷട്ടറിടേണ്ട അവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്ന് ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍ പറയുന്നു.
നൂറ് മുതല്‍ രണ്ടായിരം വരെയുള്ള വലിയ നോട്ടുകള്‍ ആര്‍.ബി.ഐ ബാങ്കുകളിലേയ്ക്ക് നല്‍കുന്നില്ല. പകരം പത്ത്, 20 എന്നിവയുടെ നോട്ടുകളും 50 രൂപയുടെ സോയില്‍ഡ്(പഴകിയ) നോട്ടുകളും ഇടപാടുകാര്‍ക്ക് നല്‍കിയാണ് ഇതുവരെ ബാങ്ക് ജീവനക്കാര്‍ പിടിച്ചുനിന്നത്.
ട്രഷറികളിലേയ്ക്ക് നല്‍കുന്നതും ഈ നോട്ടുകളാണ്. എന്നാല്‍, യഥേഷ്ടം വലിയ തുകയ്ക്കുള്ള നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ഇത് പിടിച്ചുവെച്ചിരിക്കുകയുമാണെന്ന ന്യായമാണ് റിസര്‍വ് ബാങ്ക് നിരത്തുന്നത്.
വലിയ തുക പിന്‍വലിക്കാനെത്തുന്നവര്‍ 10 രൂപയുടെ നോട്ടുകെട്ടുകളായതിനാല്‍ വാങ്ങാതെ മടങ്ങുകയാണ്.
ജനങ്ങള്‍ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ മടിക്കുന്നതാണ് കറന്‍സിക്ഷാമം കൂടുതല്‍ രൂക്ഷമാക്കുന്നതെന്ന് ബാങ്കധികൃതര്‍ പറയുന്നു.
പുതുതായി ഏര്‍പ്പെടുത്തിയ ബാങ്കിങ് നിബന്ധനകള്‍ പൊല്ലാപ്പാകുമെന്ന് ഭയന്ന് കച്ചവടക്കാരടക്കം പല ബിസിനസുകാരും പണം ബാങ്കില്‍അടയ്ക്കാതെ കൈവശം വെയ്ക്കുന്നു. ഇതുമൂലം കറന്‍സിയുടെ ക്രയവിക്രയം നടക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."