ആര്‍ഷ സാഹിത്യവും സംഘപരിവാര്‍ രാഷ്ട്രീയവും
ചരിത്ര യാഥാര്‍ഥ്യങ്ങളെ കുറിച്ച് സംശയവും സന്ദേഹവും ഉല്‍പാദിപ്പിക്കുന്നതോടൊപ്പം തന്നെ മിത്തുകളേയും പ്രാക്തന ഭാവനകളേയും കുറിച്ച് ചരിത്രത്തിനും അപ്പുറത്തെ വിശ്വാസ്യത കല്‍പിച്ചു കൊടുക്കുകയും ചെയ്യുക എന്നതാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രം. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രത്യയശാസ്ത്രപരമായ സമീപനവും ശൈലിയും തന്നെയാണിത്. ഗോള്‍വാള്‍ക്കറിസം വികസിപ്പിച്ചെടുത്ത രാഷ്ട്രീയ ഹിന്ദുത്വ വീക്ഷണത്തില്‍ മിത്തുകളുടെ ചരിത്രവല്‍ക്കരണം ഒരു സുപ്രധാന ഉപാധിയാണ്. അതേസമയം സംഘപരിവാറിനു പുറത്തുള്ള ഇന്ത്യയിലെ ആദ്യ ഘട്ട ഹിന്ദുത്വവാദികള്‍ക്ക് ഇത്തരം ഒരു ബാലിശ വീക്ഷണം ഉണ്ടായിരുന്നില്ല. ബാലഗംഗാധര തിലകന്‍, സാവര്‍ക്കര്‍, ബി.എസ് വിക്രംജ്ജെ, മദന്‍മോഹന്‍ മാളവ്യ തുടങ്ങിയവരൊക്കെ മിത്തുകളുടേയും ആദിമ ഭാരതീയ സാഹിത്യ പരാമര്‍ശങ്ങളേയും അവയുടെ യഥാഘടനയില്‍ നിലനിര്‍ത്തണമെന്ന വീക്ഷണമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. സാവര്‍ക്കര്‍ തന്നെ തന്റെ 'ദ എസ്സന്‍ഷ്യല്‍ ഓഫ് ഹിന്ദുത്വ' എന്ന കുപ്രസിദ്ധ കൃതിക്ക് എഴുതിയ ആമുഖത്തില്‍ ഈ വീക്ഷണം ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം ഹിന്ദുത്വ നിലപാടുകളെ മറികടന്ന് മുന്നോട്ടു പോയ ഗോള്‍വാള്‍ക്കര്‍ ലക്ഷ്യമാക്കിയത് മിത്തോളജിയെ ചരിത്രപരമായ സ്വീകാര്യതയില്‍ പ്രതിഷ്ഠിക്കുന്നതു വഴി ഹൈന്ദവ സമൂഹത്തെ കൂടുതല്‍ വൈകാരികമായി സ്വാധീനിക്കുക എന്നതായിരുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിനു സാംസ്‌കാരിക വസ്തുക്കളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന സംഘപരിവാര്‍ സമീപനം മേല്‍പറഞ്ഞ വൈകാരിക ചൂഷണത്തില്‍ അധിഷ്ഠിതമാണ്. സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് നേട്ടം കൊയ്‌തെടുത്ത രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ അടിത്തറയായ അയോധ്യാ സങ്കല്‍പം പോലും അത്തരത്തില്‍ ഒന്നായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തെ യഥാതദമായി അവലംബിക്കുകയും അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മഹത്വവാദങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ചരിത്ര വസ്തുതകളെ അവഗണിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ശാസ്ത്രീയ പഠന ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ചരിത്രപരമായ കണ്ടെത്തലുകളെ പോലും സംഘപരിവാര്‍ തിരസ്‌കരിക്കുന്നത്. ആര്യന്‍ അധിനിവേശം, ഹാരപ്പന്‍ സംസ്‌കാരം, ഇന്ത്യന്‍ ഗോത്രവര്‍ഗ പാരമ്പര്യം, സംസ്‌കൃതപൂര്‍വ ഇന്ത്യന്‍ തനതു ഭാഷകള്‍ എന്നിവയെ കുറിച്ചെല്ലാമുള്ള കണ്ടെത്തലുകളെ ഹൈന്ദവ ജനതക്കും സംസ്‌കാരത്തിനും എതിരായ ദുരാശയങ്ങള്‍ എന്ന നിലയിലാണ് സംഘ ബുദ്ധിജീവികള്‍ ചിത്രീകരിക്കുന്നത്. ആധുനിക ഇന്ത്യയുടെ കണ്‍മുന്നിലുള്ള ചരിത്രാനുഭവങ്ങളായ സ്വാതന്ത്ര്യസമര നാള്‍വഴികളെപ്പോലും അവര്‍ നിര്‍ലജ്ജം അവഗണിക്കുന്നതും അതിന്റെ മറ്റൊരു വശമാണ്. സ്വാതന്ത്ര്യസമര ചരിത്രവും സംഘപരിവാര്‍-ഹിന്ദുമഹാസഭാ പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ട ഒന്നല്ല. എന്നാല്‍ ആര്‍.എസ്.എസുകാര്‍ ആദ്യം മുതലേ സ്വാതന്ത്ര്യസമര പോരാളികള്‍ ആയിരുന്നു എന്നു വരുത്തിതീര്‍ക്കാന്‍ സംഘപരിവാര്‍ എഴുത്തുകാര്‍ ശ്രമം നടത്തുന്നുണ്ട്. വിപ്ലവത്രയങ്ങളായ ഭഗത്‌സിങ്-സുഖ്‌ദേവ്-രാജ്ഗുരുമാരില്‍ രാജ്ഗുരു ഹെഡ്‌ഗേവാറിന്റേയും സാവര്‍ക്കറുടേയും അനുയായി ആയിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ സമീപകാലത്ത് പുറത്തിറങ്ങിയ 'ഭാരത് വര്‍ഷ് കി സര്‍വ്തന്ത്ര് സ്വതന്ത്രതാ' എന്ന ആര്‍.എസ്.എസ് കൃതിയില്‍ ശ്രമിക്കുന്നതും ആ നിലയ്ക്കാണ്. സംഘപരിവാര്‍ ആധുനിക ഇന്ത്യയുടെ രൂപീകരണത്തെക്കുറിച്ച് ഉന്നയിക്കുന്ന ഏതൊരു പങ്കാളിത്ത അവകാശവാദത്തിന്റേയും സ്ഥിതിഗതി മേല്‍പറഞ്ഞതു തന്നെയാണ്.
യഥാര്‍ഥ ചരിത്രത്തില്‍ നടത്തുന്ന ഇടപെടലുകളും അട്ടിമറികളും അവകാശവാദങ്ങളും ആധുനിക ഇന്ത്യയോടും ജനാധിപത്യ സമൂഹത്തോടുമുള്ള അനീതിയും ക്രൂരതയും ആണെങ്കില്‍ ഇന്ത്യന്‍ മിത്തോളജിയെയും ആര്‍ഷ സാഹിത്യ പരാമര്‍ശങ്ങളേയും ചരിത്രത്തിനും ഉപരിയായി പ്രതിഷ്ഠിക്കുന്ന സമീപനം കടുത്ത ഹൈന്ദവ നിന്ദയും സനാതന വിരുദ്ധതയുമാണ്. ഗോള്‍വാള്‍ക്കറിസ്റ്റുകളുടെ ഇന്ത്യന്‍ പൈതൃകാവകാശ വാദങ്ങള്‍ എല്ലാം ആത്യന്തികമായി ഹൈന്ദവ വിരുദ്ധങ്ങളാണ്. പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും സംഭവ വിവരണങ്ങളേയും സന്ദര്‍ഭങ്ങളേയും ചരിത്രവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുക, വേദങ്ങളേയും പരാമര്‍ശങ്ങളേയും ഭൗതികവല്‍ക്കരിക്കുകയും അവ ആധുനിക ശാസ്ത്ര തത്വങ്ങള്‍ക്കു പോലും ഉപരിയായ പരാമര്‍ഥങ്ങളാണ് എന്ന വിധത്തില്‍ അമിത വാദഗതികള്‍ ഉന്നയിക്കുക തുടങ്ങിയ സംഘപ്രചാരകരുടെ രീതിശാസ്ത്ര സമീപനങ്ങള്‍ യഥാര്‍ഥത്തില്‍ ഹിന്ദുത്വത്തിന് വിരുദ്ധങ്ങളാണ്. ആര്‍ഷ പ്രമാണങ്ങളും സാഹിത്യങ്ങളും നിലകൊള്ളുന്ന അടിസ്ഥാന സ്വഭാവങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും എതിരാകുന്ന തരത്തിലുള്ള ഏതൊരു നൂതന ആശയ നിര്‍മാണവും ആത്യന്തികമായി സനാതന വിരുദ്ധവും ഹിന്ദുത്വ വിരുദ്ധവും തന്നെയാണ്. അതുകൊണ്ടാണ് സാവര്‍ക്കര്‍ പോലും ഒരു പരിധി വരെ അമിത അവകാശവാദങ്ങളില്‍ നിന്ന് വിട്ടുനിന്നത്. വേദങ്ങളുടേയും ഇതിഹാസങ്ങളുടേയും കാര്യത്തില്‍ ഗോള്‍വാള്‍ക്കറിസത്തിന് വിരുദ്ധമായ നിലപാടുകളാണ് പലപ്പോഴും സാവര്‍ക്കറുടേത്. ഒരു പരിധിവരെ യുക്തിവാദിയായിരുന്നു സാവര്‍ക്കര്‍ എന്നതോടൊപ്പം തന്നെ മിത്തോളജിയുടേയും വിശ്വാസങ്ങളുടേയും രാഷ്ട്രീയവല്‍ക്കരണത്തില്‍ മാത്രമായി അവലംബം കണ്ടെത്തുന്നതു ശരിയല്ല എന്ന നിലപാടും ഇക്കാര്യത്തില്‍ കാണാം. ഇന്ത്യ ഹിന്ദുത്വത്തിന്റെ പൈതൃകഭൂമിയും ഹിന്ദുക്കള്‍ ആയിരിക്കുന്നവരുടെ മാത്രം മാതൃഭൂമിയും ആണെന്നും വിശ്വസിച്ച സാവര്‍ക്കര്‍ ഭൂമിശാസ്ത്ര ദേശീയതയെയാണ് കൂടുതലായി അവലംബിച്ചത്.
സാവര്‍ക്കറെ കുറിച്ചുള്ള മേല്‍പറഞ്ഞ യാഥാര്‍ഥ്യങ്ങള്‍ പലരും വേര്‍തിരിച്ച് മനസിലാക്കുന്നവയല്ല. ആധ്യാത്മിക ഭാഷ്യങ്ങളുടെ അകമ്പടിയോടു കൂടി മാത്രമേ ഗോള്‍വാള്‍ക്കറിസത്തിന്റെ പല അമിത വാദങ്ങളേയും ആവിഷ്‌കരിക്കുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഭൗതിക ഹിന്ദുത്വവാദം എന്നു പോലും വിശേഷിപ്പിക്കപ്പെടാവുന്ന സവിശേഷ ചിന്താഗതിയുടെ വാക്താവായിരുന്നതിനാല്‍ സാവര്‍ക്കറെ സംബന്ധിച്ച് അത്തരം ആത്മീയ വ്യാജ പരിവേഷങ്ങളുടെ പിന്തുണ സ്വീകരിക്കുന്നത് ചെടിപ്പുളവാക്കുന്ന കാര്യമായിരുന്നു. ബാലഗംഗാധര തിലകന്‍ പോലും ആചാരാധിഷ്ഠിതങ്ങളായ നൂതനരീതികള്‍ക്ക് ആവിഷ്‌കാരം നല്‍കുമ്പോള്‍ അമിതമായ വാദഗതികളെ ഒഴിവാക്കുന്നതു കാണാം. ഇങ്ങനെ ഹിന്ദുത്വവാദത്തിന്റെ വിവിധ കാലങ്ങളിലെ പല പ്രതിനിധികളും സ്വീകരിക്കാതിരുന്ന ഒരു രീതിയാണ് ഗോള്‍വാള്‍ക്കറും അനുയായികളും സ്വീകരിച്ചത്. നൂറ്റാണ്ടുകളായി പലതരം സാസ്‌കാരിക അപകര്‍ഷതകളില്‍ കഴിഞ്ഞവരാണ് ഭാരതീയര്‍ എന്നും അവരെ സവിശേഷ രീതിയില്‍ ഉണര്‍ത്തിയെടുക്കുവാന്‍ ചില വേറിട്ട തന്ത്രങ്ങള്‍ വേണ്ടതുണ്ട് എന്നുമുള്ള ന്യായങ്ങള്‍ ഉന്നയിച്ചാണ് ഗോള്‍വാള്‍ക്കറിസ്റ്റുകള്‍ അവരുടെ ഭാവനകളുമായി മുന്നോട്ടു പോയത്. സമീപകാലത്തെ ഹിന്ദുത്വ രാഷ്ട്രീയ ചിന്താഗതികളിലേക്ക് അങ്ങനെ ആര്‍ഷഭൂതകാലത്തേയും അവശേഷിപ്പുകളേയും കുറിച്ചുള്ള നിറംപിടിപ്പിച്ച നുണകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.
ഇത്തരം നൂണകളെ അനിഷേധ്യ യാഥാര്‍ഥ്യങ്ങളും പരിപൂര്‍ണ ശാസ്ത്രസത്യങ്ങളും ആയി ചിത്രീകരിക്കുന്ന കൃതികള്‍ കഴിഞ്ഞ ഒമ്പതു പതിറ്റാണ്ടിനിടയില്‍ പുറത്തുവരികയുണ്ടായി. എന്നാല്‍ അത്തരം രചനകളെല്ലാം തന്നെ ആര്‍ഷ പാരമ്പര്യത്തിനും യഥാര്‍ഥ സംസ്‌കാരത്തിനും അപമാനം മാത്രം വരുത്തിവെക്കുന്നവയായിരുന്നിട്ടും ഈ അപകടം പലരും തിരിച്ചറിഞ്ഞില്ല. മൂന്നു കാര്യങ്ങള്‍ കൊണ്ടാണ് സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അമിതങ്ങളായ പൈതൃക അവകാശവാദങ്ങള്‍ ഹിന്ദു വിരുദ്ധവും സംസ്‌കാര വിരുദ്ധവും ആയിത്തീരുന്നത്. ഒന്ന്- ഇതിഹാസങ്ങളേയും പുരാണങ്ങളേയും വേദങ്ങളേയും ഉപനിഷത്തുകളേയും ഒന്നും ചരിത്രവല്‍ക്കരിക്കുകയോ ശാസ്ത്രവല്‍ക്കരിക്കുകയോ ചെയ്യുവാന്‍ അവ സ്വയം ആവശ്യപ്പെടുകയോ നിര്‍ദേശിക്കുകയോ ചെയ്യുന്നില്ല. രണ്ട്- വ്യതിരിക്തമായ ഒരു കാഴ്ചപ്പാടോടെ ആര്‍ഷ സാഹിത്യങ്ങളിലെ ആവിഷ്‌കാരങ്ങളേയും ആശയങ്ങളേയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും വേണമെന്നാണ് അത്തരം പ്രമാണങ്ങള്‍ ഉന്നയിക്കുന്ന രീതി. മൂന്ന്- മുന്‍ നൂറ്റാണ്ടുകളിലെ സന്യാസി പരമ്പരകളും ആത്മീയ വ്യക്തിത്വങ്ങളും സ്വീകരിച്ചുവന്നിരുന്ന അംഗീകൃതമായ രീതിയും സമീപനവും സംഘപരിവാര്‍ വാദഗതികള്‍ക്ക് എതിരും രാഷ്ട്രീയവല്‍ക്കരണ ശ്രമങ്ങളെ നിഷ്പ്രഭമാക്കുന്നവയും ആണ്. ഭൂതകാലത്തിന്റെ അതിവിദൂരമായ ഒരു കാല്‍പനിക പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് ചില പാഠാത്മക കഥകള്‍ ആവിഷ്‌കരിക്കുകയാണ് ഇതിഹാസങ്ങളും പുരാണങ്ങളും ചെയ്യുന്നത്. അവ അതേപടി സംഭവിച്ചവയും യഥാര്‍ഥ സംഭവങ്ങളും ആയിരുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യം പോലും വരുന്നില്ല. രാമായണവും മഹാഭാരതവും ഭാഗവതവും എല്ലാം ഈ പരിധിയില്‍ വരുന്നവ തന്നെയാണ്. ഭാഗവതത്തില്‍ പരീക്ഷിത്ത് രാജാവിനോട് കഥ പറഞ്ഞ് ഉപസംഹരിക്കുന്ന വേളയില്‍ ശ്രീശുക മഹര്‍ഷി പ്രത്യേകിച്ച് ഉണര്‍ത്തിയത് 'ഇവിടെ വിശദമായി പ്രതിപാദിക്കപ്പെട്ട എല്ലാ കഥനങ്ങളും മനുഷ്യര്‍ക്ക് വിജ്ഞാനവും വൈരാഗ്യ ചിന്തയും ഉണ്ടാകാന്‍ വേണ്ടി ഭാവനാത്മകമായി ആവിഷ്‌കരിക്കപ്പെട്ടവ മാത്രമാണ്. ഒന്നും പരമാര്‍ഥങ്ങളേ അല്ല' എന്നാണ്. 'കഥാ ഇമാസ്‌തേ കഥിതാ മഹിയശാ... വിജ്ഞാന വൈരാഗ്യ വിവക്ഷയാ വചോവിഭൂതിര്‍ ഇതു പരമാര്‍ഥം' എന്ന ഭാഗവത ശ്ലോകാര്‍ഥം അതാണ്.
അലൗകികമായ ഒരു സ്രോതസ്സിന്റെ സഹായം നിഷേധിക്കാതേയും മനുഷ്യഭാവനയുടെ പരിപൂര്‍ണ പങ്കാളിത്തം അംഗീകരിച്ചുകൊണ്ടും ആര്‍ഷ സാഹിത്യ പരാമര്‍ശങ്ങളേയും പ്രതിപാദ്യങ്ങളേയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നാണ് സന്ന്യാസി പരമ്പരകളും ആത്മീയാചാര്യന്മാരും പിന്തുടര്‍ന്നുവന്ന രീതി. അലൗകിക സ്രോതസ്സിനെ വകവെച്ചു കൊടുക്കുന്നതിനെ ഭൗതികശാസ്ത്രപരമായ ന്യായീകരണങ്ങള്‍ക്കായല്ല ആധ്യാത്മിക വികസനത്തിന്റെ സാധ്യതകള്‍ക്കായാണ് ഉപയോഗപ്പെടുത്തേണ്ടത് എന്ന് സന്ന്യാസിമാരും ഗുരുക്കന്മാരും പഠിപ്പിച്ചു. അതുകൊണ്ടുതന്നെ ഇതിഹാസങ്ങെേളയോ പുരാണങ്ങളേയോ വേദങ്ങളേയോ ഉപനിഷത്തുകളേയോ ശാസ്ത്രീയവല്‍ക്കരിച്ചു സംസാരിക്കുന്നത് ആധ്യാത്മികമായ അല്‍പത്തമായിട്ടാണ് മഹാഗുരുക്കന്മാര്‍ കണ്ടത്. രാമായണ കഥകളിലെ ഭൂമിശാസ്ത്രവും അയോധ്യാ നഗരത്തിന്റെ അവശിഷ്ടങ്ങളും അന്വേഷിക്കാനിറങ്ങിയ ആര്‍ഷ പ്രണയിയായ ഭക്തനോട് മധുസൂദന ഭാരതി സ്വാമികള്‍ പറഞ്ഞത് ' നീ അതൊക്കെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യേണ്ടത് നിനക്കുള്ളില്‍ തന്നെയാണ്. നിന്റെ ആത്മാവിനെ നിനക്ക് തിരിച്ചറിയാന്‍ കഴിയാത്ത കാലത്തോളം ശ്രീരാമനേയും നിന്റെ ശരീരത്തെയും മനസ്സിനേയും ജീവിക്കുന്ന സമൂഹത്തേയും തിരിച്ചറിയാത്ത കാലത്തോളം രാമായണ കഥാപാത്രങ്ങളേയും അയോധ്യയേയും നിനക്കു മനസിലാക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കുകയില്ല' എന്നായിരുന്നു.
കെട്ടുകഥകള്‍ക്കും അപഹാസ്യവാദങ്ങള്‍ക്കും പിന്നാലെ പോയി അമിതവാദങ്ങള്‍ ഉന്നയിക്കുന്നവരുടെ ശരിയായ നിലവാരമെന്തെന്നു മനസിലാക്കുന്നതിനു മഹര്‍ഷി മധുസൂദന ഭാരതിയുടെ മേല്‍പറഞ്ഞ വാക്കുകള്‍ തന്നെ ധാരാളം മതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."