കേരളം വഴികാട്ടിയ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
#കെ.എ സലിം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമെന്ന സങ്കല്‍പ്പം രാജ്യത്തിനു സമ്മാനിച്ചത് കേരളമാണ്. 1960ലെ നിയമസഭാ തെരഞ്ഞെടുപ്പിനു പൊതുയോഗങ്ങള്‍, തെരഞ്ഞെടുപ്പ് റാലികള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവയ്ക്ക് മാര്‍ഗരേഖ കൊണ്ടുവന്ന് സംസ്ഥാന ഭരണകൂടം പുതിയൊരു കരട് തയാറാക്കി. പദ്ധതി വിജയമാണെന്ന് കണ്ടതോടെ 1962ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് രാജ്യത്തെല്ലായിടത്തും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.
ഇതിനായി കരട് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയ, പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും കൈമാറി. എന്നാല്‍, ഇതു പ്രാബല്യത്തില്‍ വരുന്നത് 1974ലാണ്. 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇതു പൂര്‍ണമായും പ്രാബല്യത്തിലായി. എങ്കിലും 1980 വരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മാത്രമാണ് പെരുമാറ്റച്ചട്ടം ബാധകമായിരുന്നത്.
ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് കമ്മിഷന്‍ അതു കൂടുതല്‍ വിശാലമാക്കിയത്. പ്രചാരണമേഖലയില്‍ ഭരിക്കുന്ന പാര്‍ട്ടികളുടെ കുത്തകയായിരുന്നു അതുവരെ. ഭരണകക്ഷി മറ്റുപാര്‍ട്ടികള്‍ക്ക് പൊതുയോഗങ്ങള്‍ നടത്താനുള്ള അനുമതി നിഷേധിക്കുന്നു, ഖജനാവില്‍ നിന്ന് പണമെടുത്ത് പത്രപ്പരസ്യങ്ങള്‍ നല്‍കുന്നു തുടങ്ങിയവയായിരുന്നു പ്രധാനപരാതികള്‍.
1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴു ഭാഗങ്ങളായി നവീകരിച്ച പെരുമാറ്റച്ചട്ടം കമ്മിഷന്‍ പുറത്തിറക്കി. അതിലൊരു ഭാഗം മുഴുവനായും ഭരിക്കുന്ന കക്ഷികള്‍ക്കുള്ള പെരുമാറ്റച്ചട്ടമായിരുന്നു. അതിനു ശേഷം പലതവണ കാലത്തിനനുസരിച്ച് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. 2014ല്‍ അതിന്റെ എട്ടാം ഭാഗവും ഇറക്കി. പ്രകടനപത്രിക പുറത്തിറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.
ഒന്നാംഭാഗത്ത് രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പൊതുജനമധ്യത്തിലുള്ള പെരുമാറ്റത്തെക്കുറിച്ചാണ് പറയുന്നത്. രണ്ടും മൂന്നും ഭാഗങ്ങള്‍ പൊതുയോഗങ്ങളും റാലികളും നടത്തുന്നതിനുള്ള മാര്‍ഗരേഖയാണ്. നാലും അഞ്ചും ഭാഗങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വോട്ടെടുപ്പു ദിവസവും പോളിങ് ബൂത്തുകളിലും പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ളതാണ്. ആറാം ഭാഗം തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിക്കുന്ന അധികൃതര്‍ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതി ലഭിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഏഴാംഭാഗം ഭരിക്കുന്ന പാര്‍ട്ടി പാലിക്കേണ്ട മര്യാദയെക്കുറിച്ചാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി അവരുടെ ഔദ്യോഗിക സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് ഇതില്‍ പ്രധാനം. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കുന്നത് ഒഴിവാക്കണം. സാമ്പത്തിക പദ്ധതികള്‍ സംബന്ധിച്ച് പ്രഖ്യാപനമരുത്. ഗ്രാന്റുകള്‍ അനുവദിക്കരുത്. റോഡ് പോലുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യരുത്. വോട്ടര്‍ എന്ന നിലയ്ക്കല്ലാതെ മന്ത്രിമാര്‍ പോളിങ്ബൂത്തിലോ വോട്ടെണ്ണല്‍ കേന്ദ്രത്തിലോ പ്രവേശിക്കരുത്.
ഭരണപരമായ നടപടികള്‍ തുടരുന്നതിന് വിലക്കില്ല. നിലവിലുള്ള വികസനപദ്ധതികള്‍ തുടരാം. വെള്ളപ്പൊക്കം, വരള്‍ച്ച പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ ക്ഷേമപദ്ധതികളും പുനരധിവാസ നടപടികളുമാവാം. എന്നാല്‍ ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കരുത്. സോഷ്യല്‍ മീഡിയയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് 2013 ഒക്ടോബര്‍ 25 മുതലാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ തന്നെ സ്ഥാനാര്‍ഥികള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങളും ഇ- മെയില്‍ വിലാസവും കമ്മിഷനു നല്‍കണം. സോഷ്യല്‍ മീഡിയയില്‍ സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പരസ്യങ്ങളും തെരഞ്ഞെടുപ്പു ചെലവിന്റെ പരിധിയില്‍ ഉള്‍പെടുത്തി. മാര്‍ഗരേഖയിള്‍ ഉള്‍പ്പെടാത്ത ചില കാര്യങ്ങള്‍ കമ്മിഷന്‍ ഉത്തരവുകളിലൂടെ നിയന്ത്രിക്കാറുണ്ട്. പാകിസ്താന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കുന്നതു തടയാന്‍ കമ്മിഷന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സൈനിക യൂനിഫോമുകളും മറ്റും പ്രചാരണത്തിന് ഉപയോഗിക്കുന്നതും തടഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേണ്ട സമയപരിധിയെക്കുറിച്ച് സര്‍ക്കാരുകളും തെരഞ്ഞെടുപ്പ് കമ്മിഷനും തമ്മില്‍ പല തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ട്. നിലവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുള്ള കമ്മിഷന്റെ വാര്‍ത്താസമ്മേളനം മുതല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉള്‍പെടുത്തി കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വരെയാണ് കാലയളവ്. 2001 ഏപ്രില്‍ 16നാണ് ഈ കാലയളവ് സംബന്ധിച്ച് സര്‍ക്കാരും കമ്മിഷനും ധാരണയാവുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പരമാവധി മൂന്നാഴ്ച മുമ്പ് മാത്രമേ കമ്മിഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാവൂ എന്നും ധാരണയുണ്ട്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന കാലത്ത് പുതിയ പദ്ധതികളുടെ ഉദ്ഘാടനം പൊതുപ്രവര്‍ത്തകര്‍ക്കു നിര്‍വഹിക്കാനാവില്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍വഹിക്കാം. 40 വര്‍ഷമായി പെരുമാറ്റച്ചട്ടമുണ്ടെങ്കിലും ഇതിനു നിയമത്തിന്റെ പിന്‍ബലം നല്‍കിയിട്ടില്ലെന്നതാണ് വിചിത്രമായ വസ്തുത. ധാര്‍മിക പെരുമാറ്റ മര്യാദയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ ഇതിന്റെ വരുതിയില്‍ കൊണ്ടുവരാറ്.
പെരുമാറ്റച്ചട്ടലംഘനം ശിക്ഷ നല്‍കാവുന്ന കുറ്റമാക്കി 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ 1980കളില്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.
ഭരിക്കുന്ന പാര്‍ട്ടി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗിക്കുന്നതു തടയുന്ന പെരുമാറ്റച്ചട്ടത്തിലെ ഏഴാം ഭാഗത്തിനു മാത്രം നിയമത്തിന്റെ പിന്‍ബലം നല്‍കിയാല്‍ മതിയെന്നായിരുന്നു അന്ന് തെരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്. 1990ലെ തെരഞ്ഞെടുപ്പ് ആയതോടെ കമ്മിഷന്‍ ആ നിലപാട് തിരുത്തി. പെരുമാറ്റച്ചട്ടലംഘനം പെട്ടെന്നു നടപടിയെടുക്കേണ്ടതായതിനാല്‍ കോടതിയിലെത്തിച്ച് നടപടിയെടുക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്നതിനാല്‍ അത് പ്രായോഗികമല്ലെന്ന നിലപാടെടുത്തു.
എങ്കിലും മാര്‍ഗരേഖ ശക്തമായി നടപ്പാക്കുന്നതിന് കമ്മിഷന് ചില പദ്ധതികളൊക്കെയുണ്ട്. 2003ലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പു സമയത്ത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ പ്രചാരണത്തിന് ഇന്‍ഡോറിലെത്താന്‍ ഉപയോഗിച്ചു.
ഇതിന്റെ മുഴുവന്‍ പണവും കമ്മിഷന്‍ അമരിന്ദറിനെക്കൊണ്ട് തന്നെ ഖജനാവിലേക്ക് അടപ്പിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനിടെ ബി.ജെ.പി നേതാവ് അമിത്ഷായും സമാജ് വാദി പാര്‍ട്ടിയുടെ അസംഖാനും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി.
രണ്ടുപേര്‍ക്കും കമ്മിഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിലക്കേര്‍പെടുത്തി. രണ്ടുപേരും മാപ്പുപറയുകയും ഇനി ചട്ടലംഘനമുണ്ടാവില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തതോടെയാണ് വിലക്കു നീക്കിയത്. പിന്നീട് അതേ കുറ്റം ആവര്‍ത്തിച്ചതിന് തെരഞ്ഞെടുപ്പ് തീരുംവരെ അസംഖാന് വിലക്കേര്‍പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."