ഇന്ത്യന്‍ വൈറസ് ചൈനീസ് ഇറ്റാലിയന്‍ വൈറസുകളേക്കാള്‍ മാരകം; അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് നേപ്പാള്‍
കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായ ചില പ്രദേശങ്ങളെ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലി. ഇന്ത്യയില്‍ നിന്നുള്ള വൈറസ് ചൈനയില്‍ നിന്നുള്ളതിലും ഇറ്റലിയില്‍ നിന്നുള്ളതിലും മാരകമാണെന്ന് തോന്നുന്നുവെന്ന് ഒലി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
അനധികൃതമായി ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ രാജ്യത്ത് വൈറസ് പടരുന്നുണ്ടെന്നും ശരിയായ പരിശോധനയില്ലാതെ ഇന്ത്യയില്‍ നിന്ന് ആളുകളെ കൊണ്ടുവരുന്നതില്‍ ചില പ്രാദേശിക പ്രതിനിധികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഒലി ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
'പുറത്തുനിന്നുള്ള ആളുകളുടെ ഒഴുക്ക് കാരണം കൊവിഡിനെ തുരത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കുന്നു. ഇന്ത്യന്‍ വൈറസ് ഇപ്പോള്‍ ചൈനക്കാരെയും ഇറ്റാലിയനേക്കാളും മാരകമാണ്. ഇതു കാരണം കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നു,' നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞു.
ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പ വഴിയായി ഇന്ത്യ ലിപുലേഖില്‍ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാള്‍ തര്‍ക്കവുമായി രംഗത്ത് വന്നത്.
ഇതിനു പിന്നാലെ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ ഭൂപടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നേപ്പാളിന്റെ ഭരണഘടന ഭേദഗതി ചെയ്യുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."