കാട്ടുപോത്തിനെ അതിന്റെ വഴിക്ക് വിടണം: വനം വകുപ്പ്
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജ് പരിസരത്ത് പ്രത്യക്ഷപ്പെട്ട കാട്ടുപോത്തിനെ അതിന്റെ വഴിക്ക് വിടണമെന്ന് വനം വകുപ്പ് അധികൃതര്‍. ചൊവ്വാഴ്ച്ച വൈകുന്നേരം വീണ്ടും പ്രത്യക്ഷപ്പെട്ട കാട്ടുപോത്ത് ആളുകള്‍ ബഹളം വച്ചപ്പോള്‍ ഉള്‍ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടാറുളള കാട്ടുപോത്ത് ഇതേവരെ ആരെയും ഉപദ്രവിക്കാത്തതിനാല്‍ അതിനെ അതിന്റെ പാട്ടിന് വിടണമെന്നാണ് വനം വകുപ്പ് പറയുന്നത്. അക്രമകാരിയല്ലാത്ത കാട്ടുപോത്തിനെ പിടികൂടുകയോ വെടിവയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും ഇവര്‍ പറയുന്നു. വൈകുന്നേരം ആറരയോടെയാണ് കടന്നപ്പള്ളി റോഡില്‍ ഔഷധിയുടെ തോട്ടത്തില്‍ കമ്പിവേലിക്ക് സമീപം കാട്ടുപോത്ത് എത്തിയത്. കമ്പിവേലിക്കകത്തായതിനാല്‍ പുറത്തുവരാനായില്ല. ആളുകള്‍ ബഹളം കൂട്ടിയതോടെ പോത്ത് ഓടിമറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ ഇത് മൂന്നാംതവണയാണ് കാട്ടുപോത്ത് റോഡരികില്‍ പ്രത്യക്ഷപ്പെടുന്നത്. വനം വകുപ്പ് സംഘം നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിനെ കണ്ടെത്താനായിട്ടില്ല. നിലവില്‍ കാട്ടുപോത്തിനെ പിടികൂടാന്‍ വനം വകുപ്പിന് സംവിധാനങ്ങളൊന്നുമില്ല. സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുന്നതായതിനാല്‍ കാട്ടുപോത്തിനെതിരേ ജനങ്ങളുടെ ഭാഗത്തുനിന്നു അക്രമമുണ്ടാകരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."