മുസഫര്‍നഗര്‍ കലാപം: സഹോദരങ്ങളുടെ കൊലപാതക കേസിലെ മുഖ്യസാക്ഷിയെ വെടിവച്ചുകൊന്നു; കൊല വിചാരണ നടക്കാനിരിക്കെ
മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപത്തിനിടെ സഹോദരങ്ങള്‍ ക്രൂരമായി കൊല്ലപ്പെടുന്നതിനു സാക്ഷ്യം വഹിച്ച യുവാവിനെ വെടിവച്ചുകൊന്നു. ഘടാലിയിലെ അഷ്ബാബ് (35) ആണ് മരിച്ചത്. കലാപത്തില്‍ അഷ്ബാബിന്റെ സഹോദരങ്ങളായ നവാബും ഷാദിഹും കൊല്ലപ്പെട്ട കേസിന്റെ വിചാരണ രണ്ടാഴ്ച കഴിഞ്ഞു നടക്കാനിരിക്കെയാണ് ഇദ്ദേഹം വെടിയേറ്റു മരിച്ചത്. നവാബിന്റെയും ഷാദിഹിന്റെയും കൊലപാതകത്തില്‍ എട്ടു പ്രതികളാണുള്ളത്. ഈ കേസിന്റെ വിചാരണ ഈ മാസം 25ന് മുസഫര്‍ഗനര്‍ കോടതിയില്‍ നടക്കാനിരിക്കുകയാണ്.
കേസ് നടപടിക്കിടെ അഷ്ബാബിന്റെ നിര്‍ണായക മൊഴികളാണ് പ്രതികളെ കുടുക്കിയത്. അഷ്ബാബിന്റെ മൊഴിപ്രകാരമാണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതും. ഇതേതുടര്‍ന്ന് പ്രതികളെ അറസ്റ്റ്‌ചെയ്തിരുന്നുവെങ്കിലും ഇവരെല്ലാം ജാമ്യത്തിലിറങ്ങി നടക്കവെയാണ് അഷ്ബാബ് കൊല്ലപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നസീര്‍ അലി പറഞ്ഞു. പ്രതികളില്‍ നിന്ന് അഷ്ബാബിന് കടുത്ത ഭീഷണിയുണ്ടായിരുന്നുവെന്നും ഇതേതുടര്‍ന്ന് അദ്ദേഹം പൊലിസിനു പരാതി നല്‍കിയിരുന്നതായും അഭിഭാഷകന്‍ പറഞ്ഞു. പ്രതികള്‍ ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടിലെത്തി അഷ്ബാബിനെ ഭീഷണിപ്പെടുത്തിയതായി ഭാര്യ മീണയും വെളിപ്പെടുത്തി. അഷ്ബാബിന് പത്തും മൂന്നും വയസ്സുള്ള രണ്ടുകുട്ടികളുണ്ട്.
സംഘപരിവാര നേതാക്കളടക്കം പ്രതികളായ കലാപത്തില്‍ 60 ഓളം പേരാണ് കൊല്ലപ്പെട്ടത്. അരക്ഷലത്തോളം പേര്‍ ഭവനരഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."