വിരഗുളിക കഴിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം: മൂന്നു ലക്ഷം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സ്‌കൂളില്‍ നിന്നും വിരനിര്‍മാര്‍ജനത്തിലുള്ള ഗുളിക കഴിച്ച ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി അസ്വസ്ഥതകളെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.
2016 ഓഗസ്റ്റ് 11ന് മരിച്ച തിരുവനന്തപുരം ഭരതന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മനു റോബേര്‍ട്ട്‌സന്റെ അമ്മക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മൂന്നു ലക്ഷം രൂപ നല്‍കാനാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്റെ ഉത്തരവ്.
കൂടുതല്‍ നഷ്ടപരിഹാരത്തിന് സിവില്‍കോടതിക്ക് മുന്‍പില്‍ കേസ് ഫയല്‍ ചെയ്യാന്‍ പരാതിക്കാരിയായ മനുവിന്റെ അമ്മ അജിത റോബേട്ട്‌സന് തടസമുണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. റബര്‍ ടാപ്പിങ് തൊഴിലാളിയുടെ മകനാണ് മനു. അജിത തൊഴില്‍ രഹിതയാണ്. 2016 ഓഗസ്റ്റ് 10നാണ് ദേശീയ വിരനിര്‍മാര്‍ജന ദിനത്തോട് അനുബന്ധിച്ച് സ്‌കൂളില്‍ നിന്നും നല്‍കിയ വിരഗുളിക മനു കഴിച്ചത്. ഗുളിക കഴിച്ചയുടന്‍ പനിയും വിറയലും അനുഭവപ്പെട്ട മനുവിനെ ക്ലാസ് ടീച്ചര്‍ എന്‍.സി.സി പരേഡില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.
വൈകിട്ട് വീട്ടിലെത്തിയ മനുവിന് അസ്വസ്ഥതകള്‍ വര്‍ധിക്കുകയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ മരിച്ചു.
വിരഗുളികയല്ല മരണകാരണമെന്ന് സര്‍ക്കാര്‍ വാദിച്ചു. ഡങ്കി വൈറസാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. എന്നാല്‍ ഗുളിക കഴിക്കുന്നതിന് മുന്‍പ് പൂര്‍ണ ആരോഗ്യവാനായിരുന്ന മനുവിന് ഡങ്കിപനിയോ പനി ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ വാദിച്ചു. മരണകാരണം വിരഗുളികയാണെന്ന കാര്യത്തില്‍ അമ്മ ഉറച്ചുനിന്നു. മറ്റെന്തെങ്കിലും രോഗമോ രോഗലക്ഷണമോ മനുവിന് ഇല്ലാതിരുന്ന സാഹചര്യത്തില്‍ വിരഗുളിക മരണകാരണമായി എന്ന് അനുമാനിക്കേണ്ടി വരുമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. റവന്യൂ സെക്രട്ടറി രണ്ട് മാസത്തിനകം തുക നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."