ചെറുപുഴയില്‍ മലഞ്ചരക്ക് കടകളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍
മട്ടന്നൂര്‍: നിരവധി കവര്‍ച്ചാ കേസിലെ പ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ മട്ടന്നൂര്‍ പൊലിസിന്റെ പിടിയിലായി. വാഹനത്തിന്റെ ബാറ്ററികള്‍ മോഷ്ടിച്ചു കടത്തിയതിനാണ് പുലിക്കുരുമ്പയിലെ എന്‍.വി സന്തോഷ്(38) എന്ന തുരപ്പന്‍ സന്തോഷ്, കൂട്ടാളി കീഴ്പ്പളളി പുലിവേലി ഹൗസില്‍ പി.വി ജോഷി(43) എന്നിവരെ മട്ടന്നൂര്‍ സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ ശിവന്‍ ചോടോത്തും സംഘവും അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ കോടതിക്കു സമീപത്തുള്ള കെ. മനോജിന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി ഇലക്ട്രിക്കല്‍സ് കുത്തിത്തുറന്നാണ് സംഘം ബാറ്ററി മോഷ്ടിച്ചത്. മോഷണം നടന്ന കടയുടെ സമീപത്തുള്ള സ്ഥാപനങ്ങളിലെയും തിയേറ്ററിലെയും സി.സി.ടി.വി ദൃശ്യം പരിശോധിച്ചതോടെയാണ് പൊലിസിനു മോഷ്ടാക്കളെക്കുറിച്ചു സൂചന ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഓട്ടോ ടാക്‌സിയിലെത്തിയ സംഘം മട്ടന്നൂരിലെ തിയേറ്ററില്‍ സെക്കന്റ് ഷോ കണ്ട് ഇറങ്ങിയ ശേഷം കടയുടെ മുന്നില്‍ ഓട്ടോ നിര്‍ത്തിയിട്ട് ഷട്ടറിന്റെ പൂട്ടുപൊളിച്ചു അകത്ത് കയറി മോഷണം നടത്തുകയായിരുന്നു.
ഇവര്‍ ചെറുപുഴ സ്റ്റേഷന്‍ പരിധിയിലെ ചുണ്ട, പാടിയോട്ടുചാല്‍ എന്നിവിടങ്ങളിലും മോഷണം നടത്തിരുന്നു. ഈ മാസം 13ന് രാത്രി ചുണ്ടയിലെ പി. രവിയുടെ മലഞ്ചരക്ക് കടയുടെ പൂട്ട് പൊളിച്ച് ആറു ക്വിന്റല്‍ അടയ്ക്ക മോഷ്ടിച്ചക്കുകയും സമീപത്തുള്ള വിളക്കുവട്ടം ചക്കാലയ്ക്കല്‍ ദേവസ്ഥാനത്തിന്റെ ഭണ്ഡാരം പൊളിക്കുകയും ചെയ്തിരുന്നു. 20ന് പാടിയോട്ടുചാലിലെ കെ.എ കുര്യാക്കോസിന്റെ കടയുടെ പൂട്ട് തകര്‍ത്ത് ആറു ക്വിന്റല്‍ കുരുമുളകും മോഷ്ടിച്ചിരുന്നു.
സന്തോഷിനെ കേളകത്തു നിന്നും ജോഷിയെ കീഴ്പ്പള്ളിയില്‍ വച്ചുമാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ തുരപ്പന്‍ സന്തോഷിന് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ച നടത്തിയതിനും ജോഷിക്ക് ചാരായ കടത്തു കേസുമുണ്ടെന്നും പൊലിസ് അറിയിച്ചു. ഇരുവരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് പരിചയപ്പെട്ടത്. തൊരപ്പന്‍ സന്തോഷ് ഈ മാസം എട്ടിനാണ് ജയിലില്‍നിന്ന് ഇറങ്ങിയത്. അറസ്റ്റിലായ ഇരുവരെയും മോഷണം നടത്തിയ കടയിലും പിടികൂടിയ സ്ഥലത്തും കൊണ്ടുപോയി തെളിവെടുത്തു. എസ്.ഐമാരായ പി. വിജേഷ്, വി.പി അരിസ്റ്റോട്ടില്‍, സി.പി.ഒ രാജീവന്‍, ഡ്രൈവര്‍ സുരേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."