3000 ലിറ്റര്‍ സ്പിരിറ്റും വ്യാജമദ്യവും ക്രൈംബ്രാഞ്ച് പിടികൂടി
ഇരിങ്ങാലക്കുട: 3000 ലിറ്ററോളം സ്പിരിറ്റും ആയിരം ബോട്ടിലുകളും അനധികൃതമായി നിര്‍മിച്ച വിദേശമദ്യവും ക്രൈംബ്രാഞ്ച് പിടികൂടി.
സ്പിരിറ്റ് രാജാവെന്നറിയപ്പെടുന്ന ദഫൈദാര്‍ അനില്‍ എന്ന കൊടുങ്ങല്ലൂര്‍ ചിറ്റേഴത്ത് കുമാരന്റെ മകന്‍ അനില്‍ (39), സംഘാംഗങ്ങളായ വെള്ളാങ്ങല്ലൂര്‍ ചാലിശ്ശേരി ജോസിന്റെ മകന്‍ ബിനോയ് (37), തിരുവഞ്ചിക്കുളം കപ്പിത്താന്‍പറമ്പില്‍ പ്രഹ്ലാദന്റെ മകന്‍ രാജേഷ് (38), അമ്പലപ്പുഴ സൗമ്യഭവനത്തില്‍ നിക്കാളാവോസിന്റെ മകന്‍ തോമസ്‌കുട്ടി (26), വെള്ളാഞ്ചിറ കാഞ്ഞിരത്തിങ്കല്‍ വിന്‍സെന്റിന്റെ മകന്‍ സെലസ്റ്റിന്‍ (23), ചാലക്കുടി എലഞ്ഞിപ്ര വെട്ടിയാടന്‍ ലോനപ്പന്റെ മകന്‍ തോമസ് (56) എന്നിവരെ 3000 ലിറ്ററോളം സ്പിരിറ്റും ആയിരം ബോട്ടിലോളം അനധികൃതമായി നിര്‍മിച്ച വിദേശമദ്യവും ഇത് നിര്‍മിക്കാനുള്ള വെള്ളാങ്ങല്ലൂര്‍ വെളടനാടുള്ള അനധികൃത മിനി ഡിസ്റ്റിലറിയും തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുരേഷ്ബാബു, എസ്.ഐമാരായ എം.പി.മുഹമ്മദ് റാഫി, എം.ജെ. ജിജോ, മാധവന്‍കുട്ടി, പത്മരാജന്‍, എ.എസ്.ഐമാരായ പി.സി.സുനില്‍, അനില്‍ ടി.ഡി, സീനിയര്‍ പൊലിസ് ഉദ്യോഗസ്ഥന്മാരായ വി.ജി.സ്റ്റീഫന്‍, സി.ആര്‍.പ്രദീപ്, പി.ജയകൃഷ്ണന്‍, ജോബ് ചക്കാലക്കല്‍, സൂരജ് വി ദേവ്, ലിജു ഇയ്യാനി, ഹബീബ്, രാഗേഷ്, സുദേവ് എന്നിവര്‍ ചേര്‍ന്ന് പിടികൂടി.
ബാറുകള്‍ നിരോധിച്ചിട്ടും ജില്ലയില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായി ജില്ലാ പൊലിസ് മേധാവി ആര്‍. നിശാന്തിനി നിരീക്ഷിച്ച് വന്നതിനെ തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ദിവസങ്ങളോളം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റ് സഹിതം പ്രതികളെ പിടികൂടിയത്.
ബാറുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് സമാന്തരമായി വ്യാജ ഡിസ്റ്റിലറി ആരംഭിച്ച് വ്യാജ വിദേശമദ്യം നിര്‍മിച്ച് സംസ്ഥാനത്തുടനീളം വിതരണം നടത്തിവരികയായിരുന്നു പ്രതികള്‍. സംഘടനത്തലവന്‍ ദഫൈദാര്‍ അനിലിന് കേരളത്തിലുടനീളം സ്പിരിറ്റ് കേസുകള്‍ നിലവിലുണ്ട്. മറ്റ് പ്രതികള്‍ക്കും പിടിച്ചുപറി, അടിപടി മുതലായ കേസുകള്‍ നിലവിലുണ്ട്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള സ്റ്റിക്കറുകളും ബോട്ടിലുകളും സീലുകളുമാണ് മദ്യകുപ്പി ബോട്ടിലിങ് ചെയ്യുന്നതിനായി ഇവര്‍ ഉപയോഗിച്ച് വരുന്നതിനാല്‍ തന്നെ ഇത് വ്യാജ മദ്യമാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസകരമാണ്.
സ്പിരിറ്റ് കടത്തുന്നതിനും മദ്യകുപ്പികള്‍ വിതരണം ചെയ്യുന്നതിനുമായി ഇവര്‍ നിരവധി കാറുകള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇവരില്‍ നിന്നും പത്തോളം ആഡംബര കാറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മക്ഡൗല്‍സ്, ഇംപീരിയല്‍ ബ്ലൂ, ഹണീബീ, മാന്‍ഷന്‍ ഹൗസ് എന്നീ കമ്പനികളുടെ വ്യാജ വിദേശ മദ്യമാണ് ഇവിടെനിന്നും നിര്‍മിച്ച് വിതരണം നടത്തിവന്നിരുന്നത്. ഇത്തരം വ്യാജ നിര്‍മിത മദ്യം കഴിക്കുന്നതുമൂലം ജനങ്ങളുടെ കാഴ്ചശക്തിപോലും അപകടത്തിലാകാന്‍ സാധ്യതയുണ്ട്.
ദഫൈദാര്‍ എന്ന മലയാള സിനിമയില്‍ സി.ഐ.യുടെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സംഘത്തവനായ അനില്‍. സംഘാംഗമായ രാജേഷും ഏതാനും ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ സൈറ്റുകളിലും മറ്റും ഇവര്‍ വ്യാജമദ്യം വിതരണം നടത്തിവരുന്നതായി ജില്ലാ ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്നും 60,000 രൂപയും 30ഓളം മൊബൈല്‍ ഫോണുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."