മാറാട് കലാപക്കേസിലെ പ്രതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കോഴിക്കോട്: മാറാട് കലാപക്കേസില്‍ കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ചയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ(42) മൃതദേഹമാണ് വെള്ളയില്‍ ലയണ്‍സ് പാര്‍ക്കിന് പിറകുവശത്തെ ബീച്ചില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലിസ്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. ഏകദേശം ഇരുപതിലധികം കിലോയോളം ഭാരമുള്ള കല്ല് കഴുത്തില്‍കെട്ടിയശേഷം കടലിലേക്ക് ചാടിയതായിരിക്കാമെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണ്. മാറാട് കോടതി ശിക്ഷിച്ച ഇയാള്‍ പരോളിലിറങ്ങിയതായിരുന്നു.
മാറാട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.
രണ്ട് ദിവസമായി ഇല്യാസിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഇവര്‍ വെള്ളയില്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തിവരവേയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: സറീന. മക്കള്‍: ഷാക്കിര്‍, ഷാമില്‍, റിസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."