ഖത്തറില്‍ പാര്‍ക്കിങ് ഒഴിവ് കണ്ടെത്താന്‍ ആപ്
ദോഹ: ഖത്തറിലെ പ്രധാന പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഒഴിവ് കണ്ടെത്തുന്നതിനുള്ള ആപ് പൂര്‍ണ സജ്ജമായി. ഈയിടെ അപ്‌ഗ്രേഡ് ചെയ്ത മസാറക് ഐട്രാഫിക് ആപ് ഉപയോഗിച്ച് ഖത്തറിലെ അഞ്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാര്‍ക്കിങ് ഒഴിവുകള്‍ കണ്ടെത്താനാവും. ഖത്തര്‍ മൊബിലിറ്റി ഇന്നൊവേഷന്‍ സെന്ററാണ്(ക്യു.എം.ഐ.സി) ആപ്പ് വികസിപ്പിച്ചത്.
ഖത്തറിലെ വര്‍ധിച്ചുവരുന്ന പാര്‍ക്കിങ് പ്രശ്‌നത്തിനുള്ള അടിയന്തര പരിഹാരം നിലവിലുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയാണെന്ന് ക്യു.എം.ഐ.സി പ്രൊഡക്ട് മാനേജര്‍ ഡോ. ഹാമിദ് മെന്വര്‍ പറഞ്ഞു. പാര്‍ക്കിങ് ലോട്ടില്‍ ലഭ്യമായ സ്ഥലത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിക്കുന്നത് വലിയ തോതില്‍ സമയം ലാഭിക്കാനും തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരത്തിലെ പ്രധാന പാര്‍ക്കിങ് സ്ഥലങ്ങളിലെ ലഭ്യതയെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നതാണ് മസാറകിന്റെ ഐട്രാഫിക് ആപ്.
നിലവില്‍ സൂഖ് വാഖിഫ്, ഖത്താറ കള്‍ച്ചറല്‍ വില്ലേജ്, ദോഹ എക്‌സിബിഷന്‍ സെന്റര്‍, ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ പാര്‍ക്കിങ്ങുകള്‍ ആപില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂഖ് വാഖിഫിനു സമീപത്തെ അല്‍ അഹ്്മദ് പാര്‍ക്കിങ്, അല്‍ ശുയൂഖ് പാര്‍ക്കിങ്, സൂഖ് വാഖിഫ് നോര്‍ത്ത് അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് എന്നിവയാണ് ആപിലുള്ളത്.
കൂടുതല്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ ആപില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
രണ്ടാമത് വാര്‍ഷിക സ്മാര്‍ട്ട് പാര്‍ക്കിങ് കോണ്‍ഫറന്‍സിനിടെയാണ് ഡോ. ഹാമിദ് ഇക്കാര്യം പറഞ്ഞത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ എങ്ങിനെ ഒരുക്കാമെന്നതു സംബന്ധിച്ച ചര്‍ച്ചയാണ് രണ്ടു ദിവസത്തെ സമ്മേളനത്തില്‍ നടക്കുന്നത്.
ഓട്ടോമേറ്റഡ് കാര്‍ പാര്‍ക്കിങ് പരിഹാരം വഴി നിലവിലുള്ള പാര്‍ക്കിങ് സ്‌പേസ് ഒന്നര ഇരട്ടി കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഇന്റര്‍നാഷനല്‍ എന്‍ജിനീയറിങ് ആന്‍ഡ് ട്രേഡ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹൊസ്സാം മംദൂഹ് എലിവ സമര്‍ഥിച്ചു. സമയവും ഇന്ധനവും ലാഭിക്കാന്‍ ഇത് സഹായിക്കും.
ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, അശ്ഗാല്‍ തുടങ്ങിയവയിലെ പ്രതിനിധികളും നിരവധി സ്വകാര്യ കമ്പനികളും സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."