ബസില്‍ അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി കൈകാര്യം ചെയ്തു
കഠിനംകുളം: കെ.എസ്.ആര്‍.ടി.സി യാത്രക്കിടെ സ്ത്രീകളെ സ്പര്‍ശിച്ച് അപമര്യാദയായി പെരുമാറിയ യുവാവിനെ വനിത ഐ.ടി പ്രൊഫഷനല്‍ കൈകാര്യം ചെയ്തു. തുടര്‍ന്ന് കഴക്കൂട്ടത്ത് ബസ് നിര്‍ത്തിയതോടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന പിതാവും സഹോദരനും ചേര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടി നാട്ടുകാരുടെ സഹായത്തോടെ പൊലിസിനെ ഏല്‍പ്പിച്ചു.
കാര്യവട്ടം പുല്ലാന്നിവിള സ്വദേശി സജീവി (28) നെയാണ് പിടികൂടിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ടെക്‌നോപാര്‍ക്കില്‍ ഒരു കമ്പനിയില്‍ ജോലിക്കു പ്രവേശിക്കാന്‍ മാവേലിക്കരയില്‍ നിന്ന് ഇന്നലെ ഉച്ചയോടെ പെണ്‍കുട്ടി പിതാവിനും സഹോദരനുമൊപ്പം ട്രെയിനില്‍ തിരുവന്തപുരത്തെത്തി. അവിടെ നിന്ന് കഴക്കൂട്ടത്തേയ്ക്കിറങ്ങാന്‍ കൊല്ലം സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി യാത്ര ചെയ്യവേയാണ് ബസിനുള്ളില്‍ സ്ത്രീകളുടെയിടയില്‍ നിന്ന് യുവാവ് ശല്യം തുടങ്ങിയത്. തിരുവനന്തപുരത്തു നിന്നു ബസ് പുറപ്പെടുമ്പോള്‍ തന്നെ ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. മെഡിക്കല്‍കോളജ് കഴിഞ്ഞപ്പോള്‍ ബസില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന ഒരു വീട്ടമ്മയുടെ ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. വീട്ടമ്മ എതിര്‍ക്കുകയും മുന്നോട്ട് നീങ്ങുകയും ചെയ്തു. പിന്നീട് മുന്നില്‍ നിന്ന മറ്റൊരു സ്ത്രീയോടും ഇയാള്‍ മോശമായി പെരുമാറി. സഹികെട്ട ആ യാത്രക്കാരിയും ഒഴിഞ്ഞ് പിന്‍മാറിയതോടെ ഇയാള്‍ സീറ്റിലിരിന്നു ഇതെല്ലാം കാണുകയായിരുന്ന ടെക്കിപെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഇയാളെ
ശാസിച്ചുകൊണ്ട് തള്ളിമാറ്റി. ഇതില്‍ അരിശം പൂണ്ട യുവാവ് പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞു. തുടര്‍ന്ന് ക്ഷമനശിച്ച യുവതി യുവാവിനെ തൊഴിച്ചു. ഇതു കണ്ട് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിക്കുമ്പോഴേയ്ക്കും ബസ് കഴക്കൂട്ടത്തെത്തി. ബസ് നിര്‍ത്തിയ ഉടന്‍ ഇയാള്‍ ഇറങ്ങിയോടി. ഇയാളെ പിന്തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും സഹോദരനും പുറകെ ഓടി.
കഴക്കൂട്ടത്തെ പഴയ ജങ്ഷനിലെത്തിയ ഇയാള്‍ സബ്ജിസ്ട്രാര്‍ ഓഫിസിന്റെ മതിലുചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ബസ്‌കാത്തുനിന്ന യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഇയാളെ മാര്‍ക്കറ്റിനു സമീപത്തു നിന്ന് പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ കണ്ടയുടന്‍ പെണ്‍കുട്ടി കരണത്തടിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ പൊലിസ് ഇയാളുടെ മേല്‍ കേസെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."