ട്രെയിനുകളില്‍ കനത്ത തിരക്ക്; മുതലെടുത്ത് ടി.ടി.ഇമാര്‍
കാഞ്ഞങ്ങാട്; വേനല്‍ക്കാല അവധി വന്നതോടെ ട്രെയിനുകളില്‍ കനത്ത തിരക്ക് തുടങ്ങി. തിരക്ക് മുതലാക്കി ട്രെയിനിലെ ടി.ടി.ഇമാര്‍ ചാകര കൊയ്യുന്നു. ട്രെയിനുകളില്‍ തിരക്കേറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ കനത്ത ദുരിതമാണ് അനുഭവിക്കുന്നത്.
റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത് ഇത് കണ്‍ഫോം ആകാതെ ആര്‍.എ.സി, വെയ്റ്റിങ് ലിസ്റ്റ് തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന യാത്രക്കാരെ മറയാക്കിയാണ് ടി.ടി.ഇമാര്‍ പകല്‍ കൊള്ള നടത്തുന്നത്.
ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം ബര്‍ത്തുകള്‍ ഒഴിവ് വരുന്ന മുറയ്ക്ക് ഇത് ആര്‍.എ.സി ടിക്കറ്റുള്ളവര്‍ക്കു നല്‍കണമെന്നാണ് ചട്ടം. ആര്‍.എ.സി ടിക്കറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവായ ശേഷം പിന്നീട് വരുന്ന ഒഴിവുകള്‍ വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്കും മുന്‍ഗണനാ അടിസ്ഥാനത്തില്‍ നല്‍കണം. എന്നാല്‍ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി വരുന്നവരെ സ്ലീപ്പര്‍ ക്ളാസില്‍ കയറാന്‍ തന്നെ പല ടി.ടി.ഇമാരും അനുവദിക്കുന്നില്ലെന്ന് മാത്രമല്ല ഇവരെ തിങ്ങി ഞെരുങ്ങുന്ന ജനറല്‍ കോച്ചിലേക്ക് ആട്ടിയോടിക്കുന്നു. ഇതിന് ശേഷമാണ് ഇവരുടെ പകല്‍ കൊള്ള തുടങ്ങുന്നത്.
ഒഴിവു വരുന്ന ബര്‍ത്തുകള്‍ ആര്‍.എ.സിക്കാര്‍ക്കും നല്‍കാന്‍ തയ്യാറാവാതെ ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചിലേക്കു കയറുന്നവര്‍ക്ക് വന്‍ തുക ഈടാക്കി നല്‍കുന്ന രീതിയാണ് ടി.ടി.ഇ. ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്നത്. ഇത് മിക്ക സമയങ്ങളിലും യാത്രക്കാരും,ഉദ്യോഗസ്ഥരും തമ്മിലുള്ള വാഗ്വാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരം പാലക്കാട് അമൃത എക്‌സ്പ്രസില്‍ ജനറല്‍ ടിക്കറ്റില്‍ യാത്ര ചെയ്ത രണ്ടുപേര്‍ക്കു സ്ലീപ്പര്‍ കോച്ചില്‍ രണ്ടു സൈഡ് സീറ്റുകള്‍ ടി.ടി.ഇ.നല്‍കിയത് 900 രൂപയ്ക്കാണ്. കോച്ചില്‍ യാത്ര ചെയ്യുന്ന ആര്‍.എ.സി, വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാരെ പാടെ അവഗണിച്ച് ഒഴിവ് വന്ന ഈ രണ്ടു സീറ്റുകള്‍ക്ക് മുന്നൂറു രൂപയോളം വരുന്ന രസീത് നല്‍കിയ ഉദ്യോഗസ്ഥര്‍ കീശയിലാക്കിയത് ബാക്കി വന്ന 600 രൂപയാണ്. ഈ രീതിയില്‍ ഒട്ടനവധി സീറ്റുകള്‍ ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ മറികടന്നു ജനറല്‍ ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ക്ക് നല്‍കിയതോടെ കാലേക്കൂട്ടി ടിക്കടുത്തവര്‍ക്ക് യാത്ര ദുരിതപൂര്‍ണ്ണമാകുന്നു.
ദീര്‍ഘ ദൂര ട്രെയിനുകളിലും ടി.ടി.ഇമാര്‍ സമാന നിലപാടാണ് സ്വീകരിക്കുന്നത്. റിസര്‍വേഷന്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നില്‍ വച്ച് ജനറല്‍ ടിക്കറ്റുമായി കയറി വരുന്നവരെ ആട്ടിയോടിക്കുകയും പിന്നീട് അവരുടെ പിന്നാലെ പോയി ഒഴിവു വരുന്ന സീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ വന്‍ തുക ഈടാക്കി നല്‍കുകയും ചെയ്യുന്ന അവസ്ഥയുമാണ് ഭൂരിഭാഗം ട്രെയിനുകളിലും ഉണ്ടാകുന്നത്.
ഇക്കഴിഞ്ഞ ചൊവാഴ്ച നാഗര്‍ കോവിലില്‍ നിന്നും ഗാന്ധിധാമിലേക്കു പോയ എക്‌സ്പ്രസ് ട്രെയിനിലും ടി.ടി.ഇ മാര്‍ ഈ രീതിയില്‍ സമ്പാദിച്ചത് വന്‍ തുകയാണ്. നാഗര്‍കോവിലില്‍ നിന്നും ട്രെയിന്‍ പുറപ്പെടുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ഈ ട്രെനിനുണ്ടായിരുന്നത് പതിനെട്ടണ്ണമാണ്. ട്രെയിന്‍ എറണാകുളത്ത് എത്തുന്നതിന് മുമ്പ് തന്നെ ഒട്ടനവധി സീറ്റുകളില്‍ ഒഴിവുകള്‍ വന്നെങ്കിലും ഇവ ആര്‍.എ.സി,വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് അനുവദിച്ചു നല്‍കാന്‍ ടി.ടി. ഇ മാര്‍ തയ്യാറായില്ല. വെയ്റ്റിങ് ലിസ്റ്റില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ പന്ത്രണ്ടോളം യാത്രക്കാര്‍ കാസര്‍കോട്,മംഗളൂരു എന്നിവിടങ്ങളില്‍ ഇറങ്ങേണ്ടവരായിരുന്നു. എന്നാല്‍ ഒഴിവ് വന്ന ഇരുപതോളം സീറ്റുകള്‍ ഉദ്യോഗസ്ഥര്‍ ആര്‍.എ.സി,വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് നല്‍കാതെ 500 രൂപ വീതം ഈടാക്കി മംഗളൂരു വരെയുള്ള ജനറല്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് നല്‍കുകയായിരുന്നു.
അതേ സമയം തിരുവനന്തപുരത്ത് ഉള്‍പ്പെടെ ആര്‍.എ.സി വിഭാഗത്തില്‍പെട്ടവര്‍ ഒന്ന് കിടക്കാന്‍ പറ്റാതെയും, വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ ഇരിക്കാന്‍ പറ്റാതെയും പതിനാല് മണിക്കൂറോളം ദുരിത യാത്ര നടത്തേണ്ടി വരുകയും ചെയ്തു. ഈ യാത്രക്കാരില്‍ സ്ത്രീകളും,കുട്ടികളും ഉള്‍പ്പെടെ ഉണ്ടായിരുന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് ടി.ടി.ഇ.ഉദ്യോഗസ്ഥര്‍ ഈ രീതിയില്‍ പകല്‍ കൊള്ള നടത്തുന്നത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, പ്രത്യേക വിഭാഗം സ്‌ക്വഡും തയ്യാറാകാതെ വരുന്നതാണ് ഈ പകല്‍ കൊള്ള നടത്താന്‍ പ്രേരണയാകുന്നത്. ശുഭയാത്ര നേരുന്ന റെയില്‍വേ അധികൃതര്‍ ടി.ടി.ഇ മാരുടെ ഇത്തരം പ്രവര്‍ത്തികളിലൂടെ അശുഭയാത്രയാണ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്. ട്രെയിനുകളുടെ വൈകിയോട്ടം കാരണം ദുരിതമനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ ഇത്തരം നിലപാട് ദുരിതം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."