'സേവ് നിരാമയാ ഹെല്പ്' പദ്ധതിക്ക് ജില്ലയില്‍ തുടക്കം
കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ പദ്ധതിയായ സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയേണ്‍മെന്റിന്റെ 'സേവ് നിരാമയാ ഹെല്പ്' ജില്ലാതല ഉദ്ഘാടനം സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ കവി പി.കെ ഗോപി നിര്‍വഹിച്ചു.
ബെന്നി ജോസഫ് അധ്യക്ഷനായി. സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന് പദ്ധതി വിശദീകരിച്ചു. പ്രൊഫ. ശോഭീന്ദ്രന് ഹരിത സന്ദേശം നല്കി.
പ്രധാനാധ്യാപിക സിസ്റ്റര്‍ ജയശീല, മാനേജര്‍ സിസ്റ്റര്‍ ബ്രിജിലിയ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്സി, അബ്ദുല്ല സല്മാന്, കെ.നന്ദന, സുമ പള്ളിപ്രം, വി.കെ ഷീജ, സി.പി കോയ, വി.വി ഉണ്ണി സംസാരിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സഹായ പദ്ധതിയാണിത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസോഡര്‍ എന്നീ വൈകല്യങ്ങള്‍ ഉള്ളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ജില്ലയിലെ വിദ്യാലയങ്ങളില്‍ ഇത്തരം വൈകല്യങ്ങള്‍ ഉള്ള മുഴുവന്‍ കുട്ടികളെയും ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ബഡ്സ് സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."