വിഷുത്തലേന്ന് കണ്ണീര്‍ കാഴ്ചകള്‍
നെടുമങ്ങാട്: തോരാതെ മഴ പെയ്തതും സമീപത്തു മറ്റു വീടുകള്‍ ഇല്ലാതിരുന്നതിനാലും ദുരന്ത വിവരം പുറംലോകമറിഞ്ഞത് മണിക്കൂറുകള്‍ക്കു ശേഷം. അപകടം നടക്കുമ്പോള്‍, മരിച്ച സജീനയുടെ ഭര്‍ത്താവ് ഷിഹാബുദീനും മാതാപിതാക്കളും വീട്ടില്‍ ഇല്ലായിരുന്നു. ഏറെ നേരം കഴിഞ്ഞ് മാതാവ് നുസൈഫ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അതിദാരുണ രംഗം കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും , ഇവര്‍ അറിയിച്ചതനുസരിച്ചെത്തിയ ഫയര്‍ഫോഴ്‌സും പൊലിസും ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഈ വീട്ടിലേക്കു വഴിസൗകര്യം കുറവായത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടായി. ജെ.സി.ബി ഉപയോഗിച്ച് കോണ്‍ക്രീറ്റ് ഭിത്തി ഉയര്‍ത്തിയാണ് നാലുപേരെയും പുറത്തെത്തിച്ചത്.
ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും സജീന(26), സഫാനയെയും (3), ആറുമാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിക്കാനായില്ല. സജീനയുടെ മൂത്തമകന്‍ ഇര്‍ഫാന്‍ (4) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
സജീനയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും സഫാനയുടെ മൃതദേഹം എസ് .എ.ടി ആശുപത്രിയിലും ആറുമാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പേരൂര്‍ക്കട ആശുപത്രിയി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
തകര്‍ന്ന വീടിന് പുറകിലായി അന്‍സാരി എന്നയാള്‍ വീട് പണിയാന്‍ ഏകദേശം 15 അടി പൊക്കത്തില്‍ മണ്ണിട്ട് സംരക്ഷണഭിത്തി കെട്ടിയിരുന്നു.അതിന് മുകളിലാണ് വീട് നിര്‍മിച്ചിരുന്നത്. കനത്ത മഴയില്‍ അന്‍സാരിയുടെ പുരയിടത്തില്‍ വെള്ളം നിറഞ്ഞ്, സംരക്ഷണ ഭിത്തിയും മണ്ണും സലീമിന്റെ വീടിന് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഭിത്തിയോട് ചേര്‍ത്ത് പണിതിരുന്ന അന്‍സാരിയുടെ വീടിന്റെ പകുതിയോളം ഭാഗവും അടര്‍ന്നു വീണു. സി.ദിവാകരന്‍ എം.എല്‍.എ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."