ശക്തമായ കാറ്റും മഴയും; മരങ്ങള്‍ വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി
കാക്കനാട്: അപ്രതീക്ഷിത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരങ്ങള്‍ വീണ് റോഡ് ഗതാഗതവും വൈദ്യുതിയും മുടങ്ങി. റോഡിലേക്ക് വീണ മരങ്ങള്‍ ഫയര്‍ഫോഴ്സെത്തി മണിക്കൂറുകള്‍ യത്നിച്ചാണ് വെട്ടിമാറ്റിയത്.
വിഷുവിനോടനുബന്ധിച്ച് നഗരത്തിലെത്തി തിരിച്ചവരാണ് ഗതാഗതം തടസപ്പെട്ടതോടെ കുടുങ്ങിയത്. റോഡിലേക്ക് കാറ്റില്‍ പറന്നു വീണ പ്ലാസ്റ്റിക്കില്‍ കുരുങ്ങിയ ഇരുചക്ര വാഹന യാത്രികര്‍ റോഡില്‍ തെന്നി വീണു. വൈകിട്ട് ആറരയോടയാണ് അപ്രതീക്ഷിത കാറ്റും മഴയും ഉണ്ടായത്. സീപോര്‍ട്ട് എയര്‍പോര്‍ട് റോഡിലും സിവില്‍ ലൈന്‍ റോഡിലും മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ആവശ്യത്തിന് വാഹന സൗകര്യവും ജീവനക്കാരും ഇല്ലാത്തതിനാല്‍ ഫയര്‍ഫോഴ്സിന് റോഡില്‍ വീണ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ വൈകി. കാക്കനാട് ജില്ല പഞ്ചായത്ത് കാര്യാലയത്തിന് സമീപം സീപോര്‍ട്ട് റോഡ്, സിവില്‍ ലൈന്റോഡില് വാഴക്കാലയില്‍ രണ്ടിടത്ത്, നിലംപതിഞ്ഞി മുകള്‍ ഇന്‍ഫൊപാര്‍ക്ക് റോഡ് എന്നിവടങ്ങളിലെല്ലാം റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണിരുന്നതായി ഫയര്‍ഫോഴ്സ അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളാണ് തൃക്കാക്കര മുനിസിപ്പല്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. നഗരസഭ കാര്യാലത്തിന് സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് കാറ്റില്‍ പറന്ന പ്ലാസറ്റിക് റോഡില്‍ നിറഞ്ഞതാണ് ഇരുചക്ര യാതികര്‍ക്ക് കെണിയായത്. പ്ലാസ്റ്റിക്കില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണായിരുന്നു പലര്‍ക്കും പരിക്കേറ്റത്. മരങ്ങള്‍ വീണ് പലയിടത്തും വൈദ്യുതി ബന്ധവും താറുമാറായി. വൈദ്യുതി കമ്പികളില്‍ മരം വീണായിരുന്നു അപകടം.
മരങ്ങള്‍ വെട്ടിമാറ്റാതെ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ പറഞ്ഞു. വൈദ്യുതി പോസ്റ്റുകളിലെ കേബിള്‍ കുരുക്കകളും വൈദ്യുതി പുനസ്ഥാപിക്കാന്‍ തടസമായി. കഷ്ടി അരമണിക്കൂര്‍ നീണ്ട് നിന്ന മഴയും ശക്തമായ കാറ്റും സൃഷ്ടിച്ച റോഡിലെ വാഹന കുരുക്കഴിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു.
വിഷു ആഘോഷങ്ങളുടെ മുന്നൊരുക്കമായതിനാല്‍ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുമ്പോഴാണ് അപ്രതീക്ഷിത കാറ്റും മഴയും. ശക്തമായ കറ്റിലും മഴയിലും റോഡിലേക്ക് മാലിന്യങ്ങള്‍ പരന്നതോടെ ഗതാഗതം കൂടുതല്‍ രൂക്ഷമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."