കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കണ്ണൂര്‍: എളയാവൂര് പഞ്ചായത്ത് ഓഫിസിനടുത്ത് കാറുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്കേറ്റു. ഏച്ചൂര്‍ മാച്ചേരി സ്കൂളിനുസമീപം മരുവീട്ടില് 'പ്രാര്‍ത്ഥന'യില്‍ വിമുക്തഭടനായ പ്രഭാകരന്റെയും ലീനയുടെയും മകന് ലിബീഷ് (24), എടയന്നൂര്‍ കാനാട് തലക്കോട്ടെ എന്‍.പി രാജന്റെയും അനിതയുടെയും മകന് എന്‍.പി ഷിബിന്‍ (23) എന്നിവരാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.15ഓടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് ഏച്ചൂര്‍ ഭാഗത്തേക്കുള്ള കാറും എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന കാറുമാണു കൂട്ടിയിടിച്ചത്. പരുക്കേറ്റ കാനാട് സ്വദേശികളായ അഖില്‍, വിജിത്ത്, നിഖില്‍, നിധിന് എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഷിബിനൊപ്പം കാറില്‍ യാത്രചെയ്തിരുന്നവരാണ് ഇവര്‍.
പരുക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
അഗ്നിശമനസേനയും പൊലിസും സ്ഥലത്തെത്തി. ലിബീഷ് സംഭവസ്ഥലത്തും ഷിബിന്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുമാണു മരിച്ചത്. ലിബീഷിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് പയ്യാമ്പലത്ത് സംസ്കരിച്ചു. സഹോദരന്: പ്രണവ് (ആര്‍മി).
സ്വകാര്യഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനാണു ഷിബിന്‍. സഹോദരങ്ങള്‍: നിബിന്, വിപിന്‍. സംസ്കാരം ഇന്നുരാവിലെ 9.30ന് പയ്യാമ്പലത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."