യാത്രക്കാരനെ മര്‍ദിച്ച് കവര്‍ച്ച: ഒരാള്‍ റിമാന്‍ഡില്‍ കവര്‍ന്നത് അഞ്ച് ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും
ഷൊര്‍ണൂര്‍: അമൃത എക്‌സ്പ്രസ്സിലെ യാത്രക്കാരനെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച് അഞ്ച് ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്ന് രക്ഷപ്പെട്ട കേസില്‍ ഒരാളെ പാലക്കാട് റെയില്‍വെ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള അന്വോഷണസംഘം അറസ്റ്റ് ചെയ്തു. എറണാംകുളം മട്ടാഞ്ചേരി പനയംപിള്ളി കപ്പലണ്ടി മുക്ക് ചക്കാമടം വീട്ടില്‍ അഫ്‌സല്‍ എന്ന അപ്പു (29) വിനെയാണ് ചൊവ്വാഴ്ച രാത്രി 8 മണിക്ക് എറണാംകുളം തോപ്പുംപടി പ്യാരി ജങ്ഷനില്‍ അറസ്റ്റ് ചെയ്തത്.
കൂട്ടുപ്രതികളായ രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. ഇവരെ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്. അവര്‍ ഉടനെ പിടിയിലാകുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ എസ്.ഐ. പി.എം. ഗോപകുമാര്‍ പറഞ്ഞു. തൃശൂരിലെ മരുന്ന് മൊത്തവില്‍പന സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ മണ്ണുത്തി മാടക്കത്തറ വിപിന്റെ പക്കല്‍ നിന്നാണ് അഞ്ച് ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും മൂന്നംഗ സംഘം തട്ടിയെടുത്തത്.
ശനിയാഴ്ച രാത്രി 11 മണിക്ക് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ എ.കാബിന് സമീപം സിഗ്‌നല്‍ കിട്ടാതെ അമൃത എക്‌സ്പ്രസ്സ് നിര്‍ത്തിയിട്ട സമയത്താണ് സംഭവം നടന്നത്. കളക്ഷന്‍ ഏജന്റ് വിപിന്‍ തിരുവനന്തപുരത്ത് നിന്ന് പണം ശേഖരിച്ച് ചെന്നൈ എക്‌സ്പ്രസ്സില്‍ തൃശൂരിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍ ഉറങ്ങിപ്പോയത് കാരണം പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനിലാണ് ടെയിനിറങ്ങിയത്. അവിടെ നിന്ന് തൃശൂരിലേക്ക് ടിക്കറ്റെടുത്ത് തിരുവനന്തപുരം അമൃത എക്‌സ്പ്രസ്സില്‍ കയറി. മുന്നില്‍ എഞ്ചിനോട് ചേര്‍ന്നുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് കയറിയത്. യാത്രക്കിടെ ട്രെയിനില്‍ സഹയാത്രികരായി ഉണ്ടായിരുന്ന മൂന്ന് ചെറുപ്പക്കാരുമായി വിപിന്‍ പരിചയപ്പെടുകയും അവരുമായി സൗഹൃദ സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു. അതിനിടെ വിപിന്റെ ജോലിയും മറ്റു കാര്യങ്ങളും യുവാക്കള്‍ തന്ത്രപൂര്‍വ്വം മനസ്സിലാക്കിയിരുന്നു.
അമൃത എക്‌സ്പ്രസ്സ് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ എ.കാബിനില്‍ നിര്‍ത്തിയിട്ടപ്പോള്‍ യുവാക്കള്‍ വിപിനെ ഭിഷണിപ്പെടുത്തുകയും ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പറയുന്നു. ഇതില്‍ ഭയന്ന വിപിന്‍ കംപാര്‍ട്ട്‌മെന്റ് മാറിക്കയറാനായി താഴെ ഇറങ്ങിയപ്പോള്‍ പിന്നാലെ ഇറങ്ങിയ യുവാക്കള്‍ കല്ല് കൊണ്ടു് വിപിന്റെ മുഖത്തും നെറ്റിയിലും ഇടിച്ച് പരിക്കേല്‍പ്പിച്ച് അഞ്ചുലക്ഷം രൂപ സൂക്ഷിച്ച ബാഗും പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും കവരുകയായിരുന്നുവത്രെ. മൂന്നംഗ സംഘത്തിലെ രണ്ടു പേര്‍ ബേഗ് വഴിയില്‍ ഉപേക്ഷിച്ച് പണവും മൊബൈല്‍ ഫോണുകളുമായി ഓടി രക്ഷപ്പെട്ടു. ഇവരാണ് ഷൊര്‍ണൂര്‍ എസ്.എം.പി. ജങ്ഷന്‍ വഴി നടന്നുവന്നു റെയില്‍വെ സ്റ്റേഷനില്‍ നിന്ന് എറണാംകുളത്തേക്ക് ടാക്‌സി പിടിച്ചു പോയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി പിടികിട്ടാനുള്ള പ്രതികളും ഇവരാണ്. ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത അഫ്‌സല്‍ എന്ന അപ്പു കവര്‍ച്ച നടന്ന ശേഷം കൂട്ടുകാരോടൊപ്പം ഓടി രക്ഷപ്പെട്ടിരുന്നില്ല.
ഇരുട്ടായതിനാലും വഴി പരിചയമില്ലാത്തതിനാലും അമൃത എക്‌സ്പ്രസ്സില്‍ തന്നെ എറണാകുളത്തേക്ക് പോകുകയായിരുന്നുവത്രെ. യാത്രക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഫ്‌സലിനെ പിടികൂടാനായതെന്ന് റെയില്‍വെ എസ്.ഐ. പറഞ്ഞു.
ഷൊര്‍ണൂര്‍ റെയില്‍വെ എസ്.ഐ.ഗോപകുമാര്‍, സീനിയര്‍ സി.പി.ഒ. വി.എ.ജോസഫ്, സി.പി.ഒമാരായ വി.കൃഷ്ണപ്രസാദ്, എസ്.പ്രഹ്‌ളാദന്‍, എന്‍.കെ.സതീശന്‍, കെ. മനോജ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. അഫ്‌സലിനെ ഇന്നലെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."