വെസ്റ്റ്നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന് മരിച്ചു
കോഴിക്കോട്: വെസ്റ്റ്നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന് മരിച്ചു. മലപ്പുറം എ.ആര് നഗര്‍ സ്വദേശിയായ ഷാന്‍ ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
എന്താണു 'വെസ്റ്റ്നൈല്‍ ഫീവര്‍' ?
പനി, തലവേദന, ഛര്‍ദി എന്നിവയും ദേഹത്തു പാടുകള്‍ വരുന്നതുമാണു വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണം. രോഗം പിടിപെടുന്നവരില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ക്കു മാത്രം മസ്തിഷ്കജ്വരം വരാം. അങ്ങനെയുള്ളവര്‍ക്കു മരണം സംഭവിക്കാനുള്ള സാധ്യത പത്തു ശതമാനം മാത്രമാണ്. വൈറസാണു രോഗകാരണം.
ഈ രോഗം പിടിപെട്ട പക്ഷികളില്‍നിന്നു കൊതുകിലേക്കും കൊതുകില്‍നിന്നു മനുഷ്യരിലേക്കും പകരും. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു നേരിട്ടു പകരില്ല. കൊതുകു കടിയേല്‍ക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. രോഗത്തിനു പ്രതിരോധ വാക്സിനില്ല. കൊതുകു കടിയേല്‍ക്കാതെ നോക്കുക എന്നതു മാത്രമാണു പോംവഴി. പിടിപെട്ടു കഴിഞ്ഞാല്‍ സാധാരണ വൈറല്‍പ്പനി മാറുന്നതുപോലെ ഭേദമാകും. ചിലരില്‍ രോഗം വിട്ടുപോകാന്‍ മാസങ്ങളോളം സമയം വേണ്ടിവന്നേക്കാം. യുഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയില്‍ ജില്ലയില്‍ ആദ്യമായി കണ്ടെത്തിയതിനാലാണു പനിക്ക് ഈ പേരുവന്നത്.
ഇന്ത്യയില്‍ 1952ല്‍ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. 2011ല്‍ ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നെയില്‍ വൈറസ് മൂലമുള്ള മസ്തിഷ്കവീക്കം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."