ഞാറ്റുവേലയിലെ മഴക്കുറവ്; അധികമഴ രണ്ടാഴ്ചക്കിടെ കുറഞ്ഞത് 20 ശതമാനം
സ്വന്തം ലേഖകന്‍
കോഴിക്കോട്: തിരുവാതിര ഞാറ്റുവേലയില്‍ മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ലഭിച്ച അധികമഴയുടെ അളവിലും കുറവ്. ഈ മാസം 16വരെയുള്ള കണക്കനുസരിച്ച് ശരാശരിയേക്കാള്‍ 40 ശതമാനം അധികമഴ ലഭിച്ചിരുന്നെങ്കിലും തുടര്‍ന്ന് മഴയുടെ അളവ് കുറഞ്ഞു.
20ന് അധികമഴയുടെ അളവ് 35 ശതമാനമായിരുന്നെങ്കില്‍ ചൊവ്വാഴ്ച 22.37 ഉം ഇന്നലെ 19.3 ഉം ശതമാനമായി കുറഞ്ഞു. തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തില്‍ മഴ അല്പം മാറിനിന്നതാണ് ഇതിനു കാരണം. സാധാരണ ജൂണ്‍ പകുതിയോടെ കാലവര്‍ഷം ശക്തമാകുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ആദ്യനാളുകളില്‍ മഴ കനത്തതാണ് ശരാശരിയേക്കാള്‍ കൂടുതല്‍ മഴക്ക് കാരണമായത്. പതിവനുസരിച്ച് മഴ ശക്തമാകേണ്ട ഞാറ്റുവേലയിലില് പ്രതീക്ഷിച്ച മഴ ലഭിച്ചതുമില്ല. എന്നാല്‍ ഇനി മഴ വീണ്ടും സജീവമാകുന്ന സാഹചര്യമാണുള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. ഇന്നലെവരെ 568.2 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 677.88 എം.എം മഴ ലഭിച്ചു. ജൂണ്‍ ഒന്നു മുതല്‍ 20വരെയുള്ള കണക്കനുസരിച്ച് 405.5 എം.എം മഴ ലഭിക്കേണ്ടിടത്ത് 547.8 എം.എം മഴയാണ് ലഭിച്ചത്. 35 ശതമാനം അധിക മഴയാണ് ഈ കാലയളവില്‍ കേരളത്തില്‍ ലഭിച്ചതെന്ന് ചുരുക്കം. എന്നാല്‍ ലക്ഷദ്വീപില്‍ 32 ശതമാനത്തിന്റെ കുറവ് ഈ കാലയളവില്‍ രേഖപ്പെടുത്തി. 231.4 എം.എം മഴ കിട്ടേണ്ടതിനു പകരം 157 എം.എം മഴ മാത്രമാണ് ലക്ഷദ്വീപില്‍ ലഭിച്ചത്. 92 ശതമാനം അധിക മഴ രേഖപ്പെടുത്തിയ പാലക്കാട് ജില്ലയാണ് കൂടുതല്‍ മഴ ലഭിച്ച ജില്ലകളില്‍ ഒന്നാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."