മുംബൈയില്‍നിന്ന് സംസ്ഥാനത്തേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ ഇന്നെത്തും
സ്വന്തം ലേഖകന്‍
കൊച്ചി: മുംബൈയില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ ഇന്നെത്തും. മുംബൈയില്‍ നിന്ന് ഇന്നലെ രാത്രിയോടെ പുറപ്പെട്ട മുംബൈ-എറണാകുളം ശ്രമിക് സ്പെഷല്‍ ട്രെയിന്‍ ഇന്ന് വൈകിട്ടോടെ എറണാകുളത്താണ് എത്തിച്ചേരുക.
ട്രെയിന്‍ കോഴിക്കോട് വഴിയാണ് വരുന്നതെങ്കിലും എറണാകുളത്ത് മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ശ്രമിക് ട്രെയിനുകള്‍ നോണ്‍ സ്റ്റോപ്പ് ആണെങ്കിലും എത്തുന്ന സംസ്ഥാനത്ത് മൂന്നു സ്റ്റോപ്പുകള്‍ വരെ നല്‍കാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. നിലവില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരെല്ലാം എറണാകുളത്ത് ഇറങ്ങേണ്ടിവരും. ഇവിടെ ഇവരെയെല്ലാം പരിശോധിക്കാനുള്ള സംവിധാനം ഒരുങ്ങുകയാണ്.
ഞായറാഴ്ച പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ട്രെയിനാണിത്. മലയാളി സംഘടനകള്‍ 1,600 യാത്രക്കാരുടെ പട്ടിക നല്‍കിയിരുന്നെങ്കിലും ഇവര്‍ക്കാര്‍ക്കും പാസില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതാണ് ട്രെയിന്‍ പുറപ്പെടുന്നത് വൈകാന്‍ കാരണമെന്നാണ് അറിയുന്നത്.
കൊവിഡ് ജാഗ്രത വെബ്സൈറ്റിലെ തകരാറു മൂലമാണ് ഇതു സംഭവിച്ചതെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും തകരാര്‍ പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സൂചനയുണ്ട്. യാത്രക്കാര്‍ പി.എന്‍.ആര് നമ്പര്‍ ചോദിക്കുന്നിടത്ത് ഡമ്മി നമ്പറിട്ടാണ് ട്രെയിനില്‍ കയറുംമുന്‍പ് വെബ്സൈറ്റില്‍ നിന്ന് പാസ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."