എക്സൈസിനെ വെട്ടിച്ചു കടത്താന്‍ ശ്രമിച്ച മാഹി മദ്യം പിടികൂടി
പെരിങ്ങത്തൂര്‍: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യ ഷാപ്പുകള്‍ അടച്ചു പൂട്ടിയതോടെ അതിര്‍ത്തി കടന്ന് മദ്യക്കടത്ത് വ്യാപകമാവുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 400 ലിറ്റര്‍ മദ്യമാണ് ചൊക്ലി, നാദാപുരം സ്റ്റേഷന് പരിധിയില്‍ നിന്നു പിടികൂടിയതെന്നു അധികൃതര്‍ അറിയിച്ചു.
പരിശോധനയില്‍ പിടിക്കപ്പെടാതെ രക്ഷപ്പെടുന്നവര്‍ ഇതിലധികം മദ്യം അനധികൃതമായി കടത്തുന്നുണ്ടെന്നാണ് പരക്കേയുള്ള ആക്ഷേപം. എക്സൈസ് വകുപ്പ് ജില്ലയില്‍ തുടരുന്ന പരിശോധനയുടെ ഭാഗമായി പെരിങ്ങത്തൂര്‍ പാലത്തിന് സമീപം നാദാപുരം എക്സൈസ് ഓഫിസര്‍ കെ.കെ ഷിജില്‍ കുമാറിന്റെ നേത-ത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ എക്സൈസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച മദ്യശേഖരം പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പെരിങ്ങത്തൂര്‍ കായപനച്ചിയില്‍ വാഹനപരിശോധനക്കിടെയായിരുന്നു സംഭവം. കണ്ണൂര്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ വാഹനപരിശോധനക്കിടെ കാര്‍ പിന്നോട്ടെടുത്ത് തിരിച്ചുവിട്ട കടത്ത് സംഘം എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കാറിനെ പിന്തുടര്‍ന്ന എക്സൈസ് സംഘം പെരിങ്ങത്തൂര്‍ കരിയാട് കാട്ടില്പള്ളി വരെ പിന്തുടര്ന്നെങ്കിലും പിന്നീട് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരും എക്സൈസ് സംഘവും കാര്‍ പരിശോധിച്ചപ്പോയാണ് ഡിക്കിയിലും സീറ്റിനടയിലും 18 ബോക്സുകളിലായി സൂക്ഷിച്ച 176 കുപ്പി വിദേശ നിര്‍മിത മദ്യകുപ്പികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വട്ടോളി പുളിയോട്ട് കുട്ടന് എന്ന പ്രജീഷിനെതിരേ കേസെടുത്തു. പിടികൂടിയത് കണ്ണൂര്‍ ചൊക്ലി പൊലിസ് സ്റ്റേഷന്
പരിധിയായതിനാല് കസ്റ്റഡിയിലെടുത്ത വാഹനവും, മദ്യവും തലശ്ശേരി എക്സൈസിന് കൈമാറി. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."