പ്രവാസി വോട്ടുകള്‍ക്ക് വിലയേറുന്നു
#എന്‍. അബു
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ വോട്ടവകാശമുള്ള പൗരന്മാര്‍, അടുത്ത അഞ്ചുവര്‍ഷം ഈ നാട്ടാരെ ആരു ഭരിക്കണമെന്നു വിധിയെഴുതാന്‍ പോകുകയാണ്. 135 കോടി ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്ന പതിനേഴാമതു ലോക്‌സഭയിലേയ്ക്ക് 90 കോടി വോട്ടര്‍മാരാണു വിധികര്‍ത്താക്കളാകുക.
പതിനെട്ടു വയസ്സു തികഞ്ഞ ഓരോ ഇന്ത്യന്‍ പൗരനും വോട്ടവകാശമുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ളവര്‍ക്ക് ഇപ്പോള്‍ ഇക്കാര്യത്തില്‍ തുല്യാവകാശമാണ്. എന്നാല്‍, വിദേശത്തു ജോലിചെയ്യുന്ന ലക്ഷക്കണക്കിനു പ്രവാസികളില്‍ എത്രപേര്‍ക്കു സമ്മതിദാനാവകാശം വിനിയോഗിക്കാമെന്നതിനെക്കുറിച്ച് ആശങ്കയുണ്ട്.
ജനപ്രാതിനിധ്യനിയമത്തില്‍ വരുത്തിയ ഭേദഗതി അനുസരിച്ച് പ്രവാസികള്‍ക്കൊക്കെയും എംബസികള്‍വഴി വോട്ടര്‍മാരായി ചേരാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഓണ്‍ലൈനായോ പോസ്റ്റല്‍ ആയോ ബാലറ്റ് സൗകര്യം ഇത്തവണയും അവര്‍ക്ക് ലഭിക്കുന്നില്ല. അവധി, വിമാനടിക്കറ്റിന്റെ ലഭ്യത, വോട്ടു രേഖപ്പെടുത്തി തിരിച്ചുപോകുന്നതിനുള്ള ചെലവ് തുടങ്ങി നൂറായിരം പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് അവരുടെ വോട്ടവകാശം.
വോട്ടര്‍ നേരിട്ടു ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നതാണ് ഇന്ത്യയിലെ പൊതുനിയമം. പോളിങ് ഉദ്യോഗസ്ഥര്‍ക്കും മറ്റു തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ളവര്‍ക്കും മാത്രമേ പോസ്റ്റല്‍ വോട്ട് സൗകര്യം അനുവദിക്കൂ. വോട്ടവകാശം വിനിയോഗിക്കാന്‍ ആയിരക്കണക്കിനു രൂപ ചെലവാക്കി വരേണ്ട പ്രവാസികള്‍ക്കും മറിച്ചൊരു സൗകര്യം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇതുവരെ തയ്യാറായിട്ടില്ല.
തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചാല്‍, നാട്ടിലെ രാഷ്ട്രീയത്തില്‍ ഏറെ താല്‍പ്പര്യമുള്ള ഓരോ പ്രവാസിയും ഓടിയെത്താന്‍ ശ്രമിക്കും. അവധി തരപ്പെടുത്തി, വിമാനടിക്കറ്റെടുക്കാന്‍ നോക്കുമ്പോഴാണ് തങ്ങളുടെ ചങ്ക് തകര്‍ക്കുന്ന ടിക്കറ്റ് നിരക്കാണ് ആസമയത്തേക്കു വിമാനക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നത്. മൂന്നും നാലും ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കും. ഇത്തവണയും അതാണു സ്ഥിതി. ഈ പശ്ചാതലത്തില്‍ എത്രപേര്‍ക്കു നാട്ടിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയും.
ടിക്കറ്റ് നിരക്കു വര്‍ധിപ്പിക്കാന്‍ വിമാനകമ്പനികള്‍ പറയുന്ന കാരണം സാമ്പത്തിക നഷ്ടം നികത്താനാണെന്നാണ്. അതു ശരിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. സ്‌കൂളുകള്‍ അടക്കുകയും റമദാന്‍ വ്രതക്കാലം ആരംഭിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ നിരക്ക് വര്‍ധന. സ്‌കൂള്‍ അവധിക്കാലത്താണു പ്രവാസികളിലേറെയും കുടുംബത്തോടെ നാട്ടിലെത്തുക. അതിനിടയിലാണ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള പ്രവാസികളുടെ പ്രവാഹ സാധ്യത.
ഏപ്രില്‍ 23ന് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവാസികളെയാണ് കേരളത്തില്‍ ഇതു കാര്യമായി ബാധിക്കുക. ഗള്‍ഫ് മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടും എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയാസപ്പെടുന്ന മലയാളികള്‍ ഇതോടെ ആകെ വിഷമത്തിലാണ്. വലിയ വിമാനങ്ങള്‍ മുതല്‍ ചെറിയ നിരക്കുണ്ടായിരുന്ന ബജറ്റ് വിമാനങ്ങള്‍വരെ ടിക്കറ്റ് നിരക്കു വര്‍ധിപ്പിക്കുന്ന വന്‍ കൊള്ളയ്ക്കു രൂപം നല്‍കിയിരിക്കുകയാണ്.
പ്രവാസികളില്‍ എത്ര പേര്‍ക്കു വോട്ടുണ്ട് എന്നു വിദേശമന്ത്രാലയത്തിനറിയില്ല. വിദേശങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ എന്നതിന്റെ പോലും വ്യക്തമായ കണക്കില്ലെന്നതു പുറത്തുവന്നകാര്യങ്ങളാണ്. ഇന്ത്യക്കു വെളിയില്‍ അധ്വാനിക്കുന്നവരൊക്കെയും ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയ പാസ്‌പോര്‍ട്ടുമായാണു വിദേശങ്ങളിലേയ്ക്കു പോയത്. എന്നിട്ടും കണക്കുകള്‍ക്കായി വിദേശമന്ത്രാലയം ഇരുട്ടില്‍ തപ്പുകയാണ്.
അമേരിക്കയില്‍ മുപ്പതുലക്ഷവും ജിദ്ദയില്‍ പതിനഞ്ചു ലക്ഷവും ഓസ്‌ട്രേല്യയില്‍ നാലു ലക്ഷവും ഇന്ത്യക്കാരുണ്ടത്രേ. ശ്രീലങ്കയില്‍ അത് എട്ടരലക്ഷവും ഫിലിപ്പീന്‍സില്‍ ഒന്നരലക്ഷവും ഇന്തോനീഷ്യയില്‍ ഒന്നേകാല്‍ ലക്ഷവുമാണെന്നാണ് അനൗദ്യോഗിക കണക്ക്. സഊദി അറേബ്യയില്‍ ഇതു മുപ്പതു ലക്ഷവും, യു.എ.ഇയില്‍ രണ്ടേകാല്‍ ലക്ഷവും, ഒമാനില്‍ നാലര ലക്ഷവും കുവൈത്തില്‍ ആറു ലക്ഷവും ആണത്രെ.
മലയാളികളാണെങ്കില്‍ സഊദിയില്‍ അഞ്ചുലക്ഷവും യു.എ.ഇയില്‍ എട്ടര ലക്ഷവുമുണ്ട്. ഇത്രയും മലയാളികള്‍ക്ക് ഒറ്റ ദിവസത്തെ വോട്ടു ചെയ്യലിനു മാത്രമായി വിമാനടിക്കറ്റിനു വലിയ സംഖ്യ ചെലവാക്കി വരാനൊക്കുമോ.
പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ടുചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്നതാണ്. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ മാഹിയിലെ മലയാളികളായ ഫ്രഞ്ച് പൗരന്മാര്‍ക്കു വര്‍ഷങ്ങളായി ലഭിക്കുന്ന സൗകര്യമാണത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിലും ഈ സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു കോഴിക്കോട്ടുകാരന്‍ ഡോക്ടര്‍ നിയമയുദ്ധം ആരംഭിച്ചിട്ടു പത്തുവര്‍ഷമെങ്കിലുമായി. കേസ് സുപ്രിം കോടതിയിലാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോഴൊക്കെ ധനസമ്പാദനവഴികള്‍ ആരാഞ്ഞ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ഗള്‍ഫടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. പ്രശ്‌നപരിഹാരം തേടിയുള്ള നിവേദനങ്ങള്‍ സ്വീകരിച്ചു മടങ്ങുകയല്ലാതെ, അവരൊന്നും ഗള്‍ഫ് നാടുകളില്‍ നഷ്ടപ്പെടുന്ന ജോലികള്‍ക്കു പകരമെന്തെങ്കിലും കണ്ടെത്തിയാല്‍തന്നെ കുറഞ്ഞ വേതനംപറ്റി ശ്രീലങ്കക്കാരും ഫിലിപ്പീന്‍കാരും അവ കവര്‍ന്നെടുക്കുകയും ചെയ്യുന്ന കാലത്തുപോലും.
ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളോടും മല്ലടിച്ചു രോഗഗ്രസ്തരായി മരിച്ചാല്‍ മൃതദേഹം കൊണ്ടുവരുന്നതിനുപോലും വിമാനക്കമ്പനികള്‍ തൂക്കം നോക്കി തുക ഈടാക്കുന്ന രീതി മാറ്റിക്കിട്ടാന്‍ തന്നെ വലിയ ശ്രമം വേണ്ടിവന്നു. ഒന്നുമറിയാതെ വീട്ടുകാരെ കാണാന്‍ വന്ന കതിരൂര്‍ക്കാരന്‍ വി.കെ താജുദ്ദീനെപ്പോലെ ഒരാള്‍ മാലമോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് ഒന്നരമാസം ജയിലില്‍ കഴിയേണ്ടിവന്നതുപോലുള്ള അനുഭവങ്ങളും പ്രവാസിജീവിതത്തിന്റെ വേദനിക്കുന്ന അധ്യായമായിമാറുന്നു.
കേന്ദ്രഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ പതിനഞ്ചുവര്‍ഷമായി ആണ്ടുതോറും പ്രവാസി ഭാരതീയ ദിവസം ആഘോഷിക്കുകയും പ്രവാസി ഭാരതീയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. അതിന്റെ വെളിച്ചത്തില്‍ കേരളം രണ്ടു വര്‍ഷങ്ങളായി ഒരു ജനകീയ അസംബ്ലിയും നടത്തിവരുന്നു.
എന്നാല്‍, വിദേശനാണ്യ വരുമാനത്തിന്റെ 19 ശതമാനത്തോളം ഇന്ത്യയിലേയ്ക്കയക്കുന്ന സാധാരണക്കാരായ പ്രവാസികളെ ആരും ഗൗനിക്കാറില്ല. സഊദിയിലെ നിതാഖത്ത് പോലെയുള്ള സ്വദേശിവല്‍ക്കരണം കാരണം പ്രവാസികള്‍ക്കു മടങ്ങിപ്പോരേണ്ടി വരുമ്പോഴും അവരുടെ പുനരധിവാസത്തിനു കാര്യമായി ഒന്നും ചെയ്യുന്നില്ല. പ്രവാസി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും ക്ലച്ച് പിടിക്കുന്നുമില്ല.
ഇന്‍ഷുറന്‍സ്, ആരോഗ്യപരിരക്ഷ, കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പിച്ചക്കാരെപ്പോലെ അലയാനാണു പലരുടെയും തലവിധി. എന്തിന്, അവധിക്കാലങ്ങളില്‍ കണ്ണും മൂക്കുമില്ലാതെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കു വര്‍ധിപ്പിക്കുമ്പോള്‍ പോലും. പുനരധിവാസത്തിനു നോര്‍ക്ക റൂട്ട്‌സ് 15 കോടി രൂപ നീക്കിവെച്ചതായി പറയുന്നുണ്ടെങ്കിലും തങ്ങള്‍ വോട്ട് ചെയ്താലുമില്ലെങ്കിലും, പുതുതായിവരുന്ന ഭരണകൂടം തങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും കാര്യമായി ചെയ്യണമെന്നാണു പ്രവാസിലക്ഷങ്ങളുടെ അഭ്യര്‍ഥന. 25 കോടി രൂപയുടെ സാന്ത്വനം പദ്ധതിക്കു കേരള ബജറ്റില്‍ വകയിരുത്തിയതുപോലെ അതു പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവരുതെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."