ഒടുവില്‍ ലോക്പാല്‍
ഒടുവില്‍ ലോക്പാല്‍ നിയമമാവുകയാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് ഈ നിയമം പ്രാബല്യത്തില്‍ വരും. യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷമായി ബില്‍ നിയമമായി രൂപാന്തരപ്പെട്ടില്ല. ആദ്യത്തെ ലോക്പാല്‍ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് അധികാരമേല്‍ക്കുന്നതോടെ വര്‍ഷങ്ങളായി നടപ്പാക്കാതിരുന്ന അഴിമതി വിരുദ്ധ നിയമം പ്രാബല്യത്തില്‍ വരും.
അഴിമതി തുടച്ചു നീക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമമാണു ലോക്പാല്‍. ഒന്‍പതുതവണ ഇതു ലോക്‌സഭയില്‍ അവതരിക്കപ്പെട്ടെങ്കിലും അഭിപ്രായസമന്വയത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ പാസായില്ല. 1966ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ഭരണപരിഷ്‌കാര കമ്മിഷനാണ് അഴിമതിക്കെതിരേ ഇത്തരമൊരു ബില്ലിനെക്കുറിച്ചുള്ള നിര്‍ദേശം ആദ്യമായി സര്‍ക്കാരിനു സമര്‍പ്പിച്ചത്. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്ത സംവിധാനവുമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.
ആദ്യമായി അവതരിപ്പിച്ചത് 1968ലാണ്. 1969ല്‍ ലോക്‌സഭ ബില്‍ പാസാക്കിയെങ്കിലും രാജ്യസഭ പാസാക്കും മുമ്പു ലോക്‌സഭ പിരിച്ചുവിട്ടതിനാല്‍ പിന്നീട് വര്‍ഷങ്ങളോളം പാസാക്കാതെകിടന്നു. പിന്നീടതിനെക്കുറിച്ചു ഗൗരവതരമായ വിചിന്തനം നടന്നില്ല. സമീപകാലത്തു ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും അഴിമതി കുമിഞ്ഞു കൂടാന്‍ തുടങ്ങിയതോടെയാണു ലോക്പാല്‍ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമായത്.
2011 ഏപ്രില്‍ 5ന് അണ്ണാ ഹസാരെ ഡല്‍ഹി ജന്തര്‍മന്ദറില്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സത്യഗ്രഹമാണു ലോക്പാല്‍ ബില്‍ പരിഷ്‌കരിച്ചു നിയമമാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. അവസാനം രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2011 ഏപ്രില്‍ 5ന് ഈ ബില്‍ പാര്‍ലമെന്റ് പാസാക്കിയെങ്കിലും തുടര്‍ന്നുവന്ന ബി.ജെ.പി സര്‍ക്കാര്‍ ലോക്പാല്‍ നിയമനം നടത്തിയിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ലോക്പാല്‍ നിയമന സമിതി യോഗമാണു പിനാകി ചന്ദ്രഘോഷിനെ ഇന്ത്യയിലെ ആദ്യത്തെ ലോക്പാലായി നിശ്ചയിച്ചത്. യോഗത്തില്‍നിന്നു പ്രത്യേകക്ഷണിതാവായിരുന്ന പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിട്ടുനിന്നു. നിയമത്തില്‍ അങ്ങനെ പറയുന്നുമില്ല. വ്യവസ്ഥാപിത രൂപത്തിലുള്ള പ്രതിപക്ഷമില്ലാത്തതിനാലാണു ഖാര്‍ഗെയെ പ്രത്യേകം ക്ഷണിതാവാക്കി സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
പ്രത്യേകക്ഷണിതാവിനു വോട്ടവകാശമില്ല. വെറും കാഴ്ചക്കാരനായി സമിതിയില്‍ തുടരുവാന്‍ താല്‍പര്യമില്ലെന്നു ഖാര്‍ഗെ അറിയിക്കുകയായിരുന്നു. ഇതിനാല്‍ ലോക്പാല്‍ നിയമനത്തെച്ചൊല്ലി വിവാദമുണ്ടാകുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്റെ മാത്രം പ്രതിനിധികളടങ്ങുന്ന നിയമന സമിതി സര്‍ക്കാരിന്റെ കൈയിലെ കളിപ്പാവയായി മാറിയോ എന്ന ആശങ്കയുണ്ട്. അഴിമതി ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷണത്തിനു വിടാന്‍വരെ ലോക്പാലിനു സാധിക്കുമെന്നതിനാല്‍ ഇതിനെ വരുതിയിലാക്കാന്‍ ഭരണകൂടം സ്വാഭാവികമായും ശ്രമിക്കും.
രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഉന്നയിക്കപ്പെടുന്ന അഴിമതികള്‍ പരിശോധിച്ചു നടപടിയെടുക്കാന്‍ നിയമപരമായി അധികാരമുള്ള ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ മുമ്പ് ഈ പദവികളിലുണ്ടായിരുന്നവര്‍, കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ വരുമ്പോള്‍ റാഫേല്‍ ഇടപാടില്‍ അഴിമതിയാരോപണം നേരിടുന്ന നരേന്ദ്രമോദിക്കെതിരേ നടപടിയുണ്ടാകുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്നു പ്രതിപക്ഷമായിരുന്ന എന്‍.ഡി.എ രണ്ടാം യു.പി.എ സര്‍ക്കാരിനെതിരേ ടുജി സ്‌പെക്ട്രം അഴിമതിയും കല്‍ക്കരി കുംഭകോണവും പ്രധാന പ്രചാരണവിഷയമാക്കുകയായിരുന്നു. ഇതിനു പിന്നാലെ ലോക്പാല്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഹസാരെ നിരാഹാരസമരം നടത്തി ബി.ജെ.പി പ്രക്ഷോഭത്തിന് ഊര്‍ജം പകര്‍ന്നു. ഇതിനെ തുടര്‍ന്നാണ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ പരാജയപ്പെട്ടത്.
എന്നാല്‍ ബി.ജെ.പി അധികാരത്തില്‍വന്നിട്ടും ലോക്പാല്‍ നടപ്പായില്ല. ഇതില്‍ പ്രതിഷേധിച്ച് അണ്ണാഹസാരെ നടത്തിയ സമരങ്ങളെല്ലാം വഴിപാടു സമരങ്ങളായി കലാശിച്ചു. ലോക്‌സഭയില്‍ പ്രതിപക്ഷനേതാവില്ലെന്ന കാരണം പറഞ്ഞായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ ലോക്പാല്‍ നീട്ടിക്കൊണ്ടു പോയത്. ഇതിനെ 2016 ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ രൂക്ഷമായ ഭാഷയിലാണു വിമര്‍ശിച്ചത്.
ഇതേതുടര്‍ന്ന് ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷനായി സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ നിയമന സമിതിക്ക് 2019 മാര്‍ച്ച് ഒന്നിന് സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ നല്‍കി. പ്രധാനമന്ത്രി അധ്യക്ഷനായ ലോക്പാല്‍ നിര്‍ണയ സമിതിയില്‍ ലോക്‌സഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നിര്‍ദേശിക്കുന്ന ജഡ്ജിയോ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രമുഖ നിയമജ്ഞന്‍ എന്നിവരാണ് അംഗങ്ങള്‍.
2017 മുതല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ഇന്ത്യയുടെ ആദ്യത്തെ ലോക്പാല്‍ ആയി നിയമിക്കപ്പെടുമ്പോള്‍ ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും മുഖംനോക്കാതെ നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കാം. ഏതൊരു രാഷ്ട്രത്തെയും കാര്‍ന്നു തിന്നുന്ന അര്‍ബുദമാണ് അഴിമതി. അതു തുടച്ചു നീക്കിയാല്‍ മാത്രമേ രാജ്യത്തിന് അഭിവൃദ്ധിപ്പെടാന്‍ കഴിയൂ. സാധാരണക്കാരനു ഭരണത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകണമെങ്കിലും രാജ്യത്ത് അഴിമതി ഇല്ലാതാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."